ചികിത്സയ്ക്കു വേണ്ടി 2.70 ലക്ഷം രൂപ വാങ്ങി ഒടുവില്‍ കാല്‍മുറിച്ചു കളയണമെന്ന് ആവശ്യപ്പെട്ട തിരുവനന്തപുരത്തെ എസ്.പി. ഫോര്‍ട്ട് ആശുപത്രിക്കെതിരെ പ്രതികരിച്ച സന്നദ്ധപ്രവര്‍ത്തകന് ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനം

single-img
2 March 2016

SP AN

”വിനീഷിന്റെ കാല്‍ മുറിച്ചു മാറ്റിയിരുന്നെങ്കില്‍ ഈ പറയുന്ന ആശുപത്രിക്കോ അതിന്റെ മാനേജ്‌മെന്റിനോ ആ കുടുംബത്തെ സംരക്ഷിക്കാനാകുമായിരുന്നോ?” ചോദിക്കുന്നത് ബ്‌ളഡ് ഡോണേര്‍സ് കേരള എന്ന സേവന സംഘടനയിലെ തിരുവനന്തപുരം കോ-ഓര്‍ഡിനേറ്റായ അനീഷാണ്. ഇക്കാര്യം ആശുപത്രി അധികൃതര്‍ക്ക് മുന്നില്‍വെച്ച് പോലീസിനോട് ചോദിച്ചതിനു മറുപടിയായി കിട്ടിയത് പോലീസിന്റെ വക ക്രൂരമര്‍ദ്ദനവും. പട്ടാപ്പകല്‍ പാര്‍ക്കിലിരുന്നനിരപരാധിയായ ഒരു യുവാവിനെ കൊണ്ടുപോയി ഉരുട്ടിക്കൊലപ്പെടുത്തിയ ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ അനീഷിന് നേരിടേണ്ടി വന്നത് ക്രൂരമര്‍ദ്ദനങ്ങളാണ്.

തിരുവനന്തപുരം എസ്.പി ഫോര്‍ട്ട് ആശുപത്രിയിലെ മാനേജ്‌മെന്റിന്റെ മനുഷ്യത്വരഹിതമായ സമീപനങ്ങള്‍ക്കെതിരെ പ്രതികരിച്ച അനീഷിന് നേരിടേണ്ടി വന്നത് ജീവിതത്തിലൊരിക്കലും സ്വപ്‌നത്തില്‍പ്പോലും കരുതാനാകാത്ത കാര്യങ്ങളും. മാസങ്ങള്‍ക്ക് മുമ്പ് എസ്.പി. ഫോര്‍ട്ട് ആശുപത്രിയിലേക്ക് ആക്‌സിഡന്റില്‍ ഗുരുതരമായി പരിക്കുപറ്റിയ വിനീഷ് എന്ന യുവാവിനെ പ്രവേശിപ്പിച്ചു. ഒരു ദിവസത്തെ ചികിത്സയ്ക്കു ശേഷം യുവാവിന്റെ കാല്‍ മുറിച്ചു കളയണമെന്നായിരുന്നു ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടത്.

ഇതിനിടയില്‍ ഓപ്പറേഷനുവേണ്ട തുകയും മറ്റു തുകകളും ബന്ധുക്കള്‍ അടച്ചിരുന്നു. 2,70,000 രൂപയാണ് ഇത്തരത്തില്‍ ആശുപത്രി ഈടാക്കിയത്. ആശുപത്രി അധികൃതരുടെ നടപടികളില്‍ ഞെട്ടിയ ബന്ധുക്കള്‍ ഉടന്‍തന്നെ വിനീഷിനെ കൊച്ചിയിലെ സ്‌പെഷ്യലൈസ്റ്റ് ഹോസ്പിറ്റലിയേക്ക് മാറ്റുകയായിരുന്നു. എസ്.പി. ഫോര്‍ട്ട് ആശുപത്രിയുടേയും അധികൃതരുടെയും അനാസ്ഥകാരണം 1.5 ലക്ഷം രൂപ വീണ്ടും ബന്ധുക്കള്‍ക്ക് ചെലവായി. കൊച്ചിയിലെ ചികിത്സയുടെ ഫലമായി വിനീഷ് സുഖംപ്രാപിച്ചുവെന്ന് മാത്രമല്ല കാല്‍ മുറിച്ചു മാറ്റേണ്ടിയും വന്നില്ല.

കൊച്ചിയിലെ ചികിത്സയ്ക്കായി മാത്രം ചെലവായത് 9 ലക്ഷം രൂപയായിരുന്നു. എന്നാല്‍ വിനീഷിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഞെട്ടിപ്പിച്ചത് ഇതല്ലായിരുന്നു. ‘മറ്റേത് ഹോസ്പിറ്റലില്‍ നിങ്ങള്‍ കൊണ്ടുപോയാലും കാലു മുറിക്കാതെ ഇനിയൊന്നും ചെയ്യാനാകില്ലയെന്ന’ എസ്.പി ഫോര്‍ട്ട് അധികൃതരുടെ വാക്ക് വിശ്വസിച്ച് അതിന് മുതിര്‍ന്നിരുന്നെങ്കില്‍ ഇന്ന് തകരുന്നത് ഒരു കുടുംബമായിരുന്നു. പണ്ട് ചമ്പല്‍ക്കാടുകളില്‍ വഴിവക്കില്‍ കാത്തിരുന്ന് യാത്രക്കാരെ കൊലപ്പെടുത്തി കൊള്ളയടിക്കുന്ന കൊള്ളക്കാരെപ്പോലെ ആശുപത്രിയും മാനേജ്‌മെന്റും എന്തിനാണ് ഇത്തരത്തില്‍ കാശ് പിടുങ്ങി ജീവനെടുക്കുന്നതെന്നാണ് അവരുടെ ചോദ്യം.

20 ലക്ഷം രൂപ നഷ്ടരിഹാരം ആവശ്യപ്പെട്ട് എസ്.പി. ഫോര്‍ട്ട് ആശുപത്രിയെ സമീപിച്ച വിനീഷിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കിട്ടിയ മറുപടിയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ”ഈ ബിസിനസ് ഞങ്ങള്‍ ചെയ്തു തുടങ്ങിയിട്ട് കുറേ നാള്‍ ആയി. ഇതു പുറത്ത് പറഞാല്‍ നീയും നിന്റെ കുടുംബവും പുറം ലോകം കാണില്ല” എന്നായിരുന്നു മറുപടി. വേണമെങ്കില്‍ 1.25 ലക്ഷം രൂപ നഷ്ടപരിഹാരമായി തരാം എന്ന നിലപാടെടുക്കുകയും ചെയ്തു മാനേജ്‌മെന്റ്. എന്നാല്‍ ഇവര്‍ ഇതിന് മടങ്ങിയില്ല.

തുടര്‍ന്ന് ആശുപത്രി അധികൃതരുടെ പരാതിപ്രകാരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ഇതിനുവേണ്ടി മുന്നിട്ടിറങ്ങിയ അനീഷിനെ വിളിച്ചു വരുത്തുകയും പത്തോളം പോലീസുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. അനീഷിന്റെ ഫോണ്‍ ഇവറ പിടിച്ചുവയ്ക്കുകയും ചെയ്തു. അനീഷ് ചികിത്സയിലാണ്. അനിഷിനെ മര്‍ദ്ദിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹത്തില്‍ നിന്നുമുയര്‍ന്നിട്ടുള്ളത്. ബ്ലഡ് മഡാണേര്‍സ് കേരളയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പരാതി നല്‍കിയിരിക്കുകയാണ്.

Bill 1

 

Bill 2