നഗരത്തില്‍ അലഞ്ഞുതിരിയുന്നവരെ കണ്ടെത്തി ഭക്ഷണവും പുതിയ വസ്ത്രങ്ങളും നല്‍കി ജീവിതത്തിലേക്ക് പിടിച്ചുകയറ്റി കൊല്ലം സിറ്റി പോലീസ്

single-img
2 March 2016

Police

കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ കൊല്ലം നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയായ കാഴ്ച-2016നു തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നഗരത്തിന്റെ പ്രധാനഭാഗങ്ങളില്‍ നിന്നും മുപ്പതോളം പേരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. കൊല്ലം ഈസ്റ്റ് ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിലാണു പദ്ധതി നടപ്പാക്കുന്നത്.

പുനരധിവസിപ്പിച്ചവരില്‍ പലരും ഇതര സംസ്ഥാനക്കാരാണ്. വളരെ നാളുകളായി നഗരത്തിന്റെ പല ഭാഗങ്ങളിലും റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലുമാണ് ഇവര്‍ തമ്പടിച്ചിരുന്നത്. പലരും മനോരോഗികളും കുഷ്ഠരോഗം, ക്ഷയം തുടങ്ങിയ മാറാരോഗത്തിന് അടിമപ്പെട്ടവരുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. രോഗികളെ വൃത്തിയാക്കി പുതിയ വസ്ത്രങ്ങളും ഭക്ഷണവും നല്‍കിയാണ് പോലീസ് പുനരധിവാസ കേന്ദ്രങ്ങളില്‍ എത്തിച്ചത്.

പത്തനാപുരം നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് (ശാന്തിതീരം), ബിഷപ്പ് ജറോം അഭയകേന്ദ്രം കോയിവിള, ജീവമാതാ കാരുണ്യ ഏഴംകുളംഎന്നീ സ്ഥാപനങ്ങളുടെ അധികാരികള്‍ പുനരധിവസിപ്പിക്കുന്നതിനായി ഇവരെ ഏറ്റെടുത്തു. രോഗികളായവര്‍ക്കു മെച്ചപ്പെട്ട ചികിത്സ നല്‍കുമെന്നും അവര്‍ അറിയിച്ചു. കൊല്ലം സബ് ഡിവിഷനിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഈ പദ്ധതി നടപ്പാക്കുമെന്ന് എ.സി.പി. കെ. ലാല്‍ജി അറിയിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ പി.പ്രകാശ് മുന്‍കൈയെടുത്തു സംഘടിപ്പിച്ച പരിപാടിയ്ക്കു കൊല്ലം റോട്ടറി ക്ലബ് സാമ്പത്തികം ഉള്‍പ്പെടെയുള്ള സഹായം നല്‍കി.