കാടുകാണാനെത്തിയ പോലീസുകാര്‍ മദ്യലഹരിയില്‍ വനപാലകരെയും ആദിവാസികളേയും തല്ലി; നാട്ടുകാര്‍ തടഞ്ഞുവെച്ച പോലീസുകാരെ ഇറക്കാന്‍ ഒടുവില്‍ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി

single-img
15 February 2016

policecap

കാടുകാണാനെത്തി, മദ്യലഹരിയില്‍ ആദിവാസികളുമായി ഉടക്കുണ്ടാക്കിയ ശേഷം വനപാലകരുമായി ഏറ്റുമുട്ടിയ പോലീസുകാരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു തടഞ്ഞുവെച്ചു. അവധി ആഘോഷത്തിന് വിതുര ബോണക്കാട്ട് വാഴ്വാന്തോലിലെത്തിയ പോലീസുകാരെയാണ് നാട്ടുകാര്‍ തടഞ്ഞുവെച്ചത്. ഒടുവില്‍ വിതുരയില്‍ നിന്നും പോലീസ് ഉന്നതരെത്തി പ്രശ്‌നമുണ്ടാക്കിയ പോലീസുകാര്‍ക്കെതിരെ മേല്‍നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയശേഷമാണ് നാട്ടുകാര്‍ പോലീസുകാരെ മോചിപ്പിച്ചത്.

പേട്ട, എ.ആര്‍. ക്യാമ്പ് എന്നിവിടങ്ങളില്‍ നിന്നും അവധിക്കെത്തിയ പോലീസുകാരായിരുന്നു അക്രമം അഴിച്ചുവിട്ടത്. വാഴ്വാന്തോലില്‍ നിന്നും വൈകിട്ട് അഞ്ചു മണിയോടെ മടങ്ങുമ്പോള്‍ കാണിത്തടത്തില്‍ വെച്ച് ആറ്റില്‍ കുളിച്ചുകൊണ്ടിരുന്ന ആദിവാസികളുമായി ഇവര്‍ ചെറിയ പ്രശ്നം ഉണ്ടാകുകയും ഇതുകണ്ട് വിഷയം രമ്യതയിലാക്കാന്‍ എത്തിയ വനപാലകരെ തല്ലുകയുമായിരുന്നു. വനപാലകരെ മര്‍ദ്ദിക്കുന്നതു കണ്ട് പ്രശ്നത്തില്‍ ഇടപ്പെട്ട നാട്ടുകാരുടെ സംഘത്തെയും പോലീസുകാര്‍ വെറുതെ വിട്ടില്ല.

പ്രശ്‌നം കൈവിട്ടുപോയതോടെ നാട്ടുകാരുടെ സംഘം ഫോണില്‍ മറ്റുള്ളവരെ വിവരമറിയിക്കുകയും 200 ലധികം നാട്ടുകാര്‍ രംഗത്തെത്തുകയും ചെയ്തു. ജനങ്ങള്‍ കൂടുന്നതു കണ്ട് രക്ഷപ്പെട്ട സംഘത്തെ മരുത്വമലയില്‍ വെച്ച് നാട്ടുകാര്‍ പിടികൂടി. തടഞ്ഞുവെയ്ക്കപ്പെട്ട പോലീസുകാരെ ഉന്നത പോലീസ് സംഘമെത്തി നിയമനടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് നാട്ടുകാര്‍ വിട്ടയച്ചത്.

പോലീസുകാര്‍ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കല്ലാര്‍, പൊന്മുടി എന്നിവിടങ്ങളില്‍ മദ്യനിരോധനം കര്‍ശനമാക്കിയതോടെ വിനോദസഞ്ചാരികള്‍ വെള്ളമടിക്ക് മാത്രമായി ബോണക്കാട് പരിസരങ്ങളിലെത്തുന്നതായി നാട്ടുകാര്‍ക്ക് പരാതിയുണ്ട്.