യുഡിഎഫ് ഭരണം സുവര്‍ണ കാലമെന്ന് ഗവര്‍ണര്‍; നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌കരിച്ചു

single-img
5 February 2016

niyama

പ്രതിപക്ഷ ബഹളത്തോടേയും ബഹിഷ്‌കരണത്തോടെയും പതിമുന്നാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കം. രാവിലെ ഒമ്പതിന് ഗവര്‍ണര്‍ പി.സദാശിവം നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചയുടനെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. പ്രസംഗം ഇടയ്ക്കു നിര്‍ത്തി നയപ്രഖ്യാപനത്തോട് സഹകരിക്കണമെന്ന് ഗവര്‍ണര്‍ വി.എസിനോട് ആവശ്യപ്പെട്ടു.

പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നപ്പോള്‍ കോടിയേരി ബാലകൃഷണന്റെ പേരെടുത്തു ഗവര്‍ണര്‍ ഇങ്ങനെ പറഞ്ഞു. ” ഇതേ അവസ്ഥ നിങ്ങള്‍ക്കും ഉണ്ടാകാം. ഭരണഘടനാ ബാധ്യതയുള്ളതിനാല്‍ എനിക്ക് നയപ്രഖ്യാപനം നടത്തിയേ തീരു. സഹകരിക്കുക ഇല്ലെങ്കില്‍ സഭയ്ക്കു പുറത്തുപോകുക. രാജ്യം നിങ്ങളെ ഉറ്റു നോക്കുകയാണ്. എല്ലാറ്റിനും ഒരു പരിധിയുണ്ട്. നിങ്ങളുടെ പ്രതിഷേധം ഞാന്‍ മാനിക്കുന്നു. എനിയ്‌ക്കെതിരേയല്ല പ്രതിഷേധമെന്ന് അറിയാം. നയപ്രഖ്യാപന പ്രസംഗം പതുക്കെയാണെങ്കിലും ഞാനതു പൂര്‍ത്തിയാക്കും. നിങ്ങള്‍ എന്നോടു പ്രതിഷേധം രേഖപ്പെടുത്തി. ഭരണഘടന വായിക്കൂ, ഇല്ലെങ്കില്‍ പുറത്തേക്കു പോകൂ”. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഗവര്‍ണര്‍ പ്രസംഗം തുടര്‍ന്നു.

ഗവര്‍ണറുമായി പ്രതിപക്ഷത്തിനു ഭിന്നതയില്ല. നയപ്രഖ്യാപനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് എല്ലാ ബഹുമാനത്തോടും കൂടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സഭയ്ക്കു പുറത്ത് പ്രതിഷേധ പ്രകടനത്തില്‍ അറിയിച്ചു. എന്നാല്‍ ഇന്നത്തെ നടപടിയില്‍ ഗവര്‍ണറോടുള്ള പ്രതിഷേധം ബഹുമാനപൂര്‍വം അറിയിക്കുന്നു. ഗവര്‍ണറുമായല്ല പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പാമോയില്‍, ബാര്‍, സോളര്‍, പാറ്റൂര്‍ കോഴ എന്നിങ്ങനെയുള്ള അഴിമതി വീരന്‍മാരാണ് സഭയിലെന്നും അദ്ദേഹം പറഞ്ഞു.

ഗണേഷ് കുമാര്‍ എംഎല്‍എയും പ്രതിപക്ഷത്തിനൊപ്പം പ്രതിഷേധത്തിലും ധര്‍ണയിലും പങ്കെടുത്തു. കേരള നിയമസഭയുടെ ചരിത്രത്തിലെ അസാധാരണ സംഭവങ്ങള്‍ക്കാണ് ഇന്നു സാക്ഷ്യം വഹിച്ചത്. ആദ്യത്തെ അഞ്ചു മിനിട്ടും ഗവര്‍ണര്‍ പ്രതിപക്ഷത്തോടാണ് സംസാരിച്ചത്. പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയതിനു ശേഷമാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം വായിച്ചു തുടങ്ങിയത്. കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തിന്റെ സുവര്‍ണകാലഘട്ടമെന്ന് ഗവര്‍ണര്‍ പി.സദാശിവം നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു.

കൊച്ചി മെട്രോ, ലൈറ്റ് മെട്രോ പദ്ധതികള്‍ വിവിധഘട്ടങ്ങളിലാണ്. കണ്ണൂര്‍ വിമാനത്താവളം 50 ശതമാനം പൂര്‍ത്തിയായി. കേരളത്തിന്റെ ശരാശരി വളര്‍ച്ചാനിരക്ക് രാജ്യനിലവാരത്തെക്കാള്‍ മുന്നിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു.