140 വര്‍ഷത്തെ ചരിത്രത്തില്‍ ഓസ്‌േട്രലിയയെ സ്വന്തം നാട്ടില്‍വെച്ച് സമ്പൂര്‍ണ്ണമായി പരാജയപ്പെടുത്തുന്ന ടീമെന്ന തിരുത്താനാവാത്ത റെക്കോഡ് സ്വന്തമാക്കി ടീം ഇന്ത്യ

single-img
1 February 2016

RainaYuvi

140 വര്‍ഷത്തെ ചരിത്രത്തില്‍ ഓസ്‌േട്രലിയയെ സ്വന്തം നാട്ടില്‍വെച്ച് സമ്പൂര്‍ണ്ണമായി പരാജയപ്പെടുത്തുന്ന ടീമെന്ന തിരുത്താനാവാത്ത റെക്കോഡ് സ്വന്തമാക്കി ടീം ഇന്ത്യ. ക്രിക്കറ്റ് ഓസ്‌ത്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് സമ്മാനിച്ചാണ് ഇന്ത്യന്‍ ടീം നാട്ടിലേക്ക് തിരിക്കുന്നത്. ഏകദിന പരമ്പരയിലെ അഞ്ചാം മത്സരം ജയിച്ച് ആരംഭിച്ച ഇന്ത്യന്‍ വിജയഗാഥ ട്വന്റി 20യിലെ മൂന്ന് മത്സരങ്ങളും വിജയിച്ച ശേഷമാണ് അവസാനിച്ചത്. ഏകദിന പരമ്പര ഓസീസിന് മുന്നില്‍ 1-4ന് അടിയറ വെച്ചെങ്കിലും തുടര്‍ന്നുള്ള ട്വന്റി 20യിലെ വിജയങ്ങള്‍ അവിസ്മരണീയമായിരുന്നു.

ഇന്ത്യ പിന്തുടര്‍ന്ന് നേടിയ 200 റണ്‍സ് ഓസ്‌ട്രേലിയയില്‍ നടന്ന ട്വന്റി20യില്‍ രണ്ടാമത് ബാറ്റ് ചെയ്ത് ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. ഓസ്‌ട്രേലിയ നേടിയ 197 റണ്‍സായിരുന്നു ഇതിനു മുമ്പത്തെ ഉയര്‍ന്ന സ്‌കോര്‍. ട്വന്റി 20യുടെ ചരിത്രത്തിലെ ഏഴാമത്തെ തന്നെ ഏറ്റവും വലിയ റണ്‍ ചേസാണിത്. ഈ പട്ടികയില്‍ രണ്ടാമത്തേയും(211) അഞ്ചാമത്തേയും(202) റണ്‍ചേസ് ഇന്ത്യയുടേതാണെന്നതും ട്വന്റി 20 ടീമിന്റെ ശക്തി വെളിപ്പെടുത്തുന്നതാണ്.

ഇന്ത്യക്കെതിരെ നേടിയ സെഞ്ചുറിയോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാനായി വാട്‌സണ്‍. ലോക ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന പത്താമത്തെ താരം കൂടിയാണ് വാട്‌സണ്‍. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും 50 അടിക്കുന്ന ആദ്യതാരമെന്ന ബഹുമതി വിരാട് കൊഹ്‌ലി സ്വന്തമാക്കി.

ഇന്ന് നേടിയ അര്‍ധ സെഞ്ചുറിയോടെ ട്വന്റി20യില്‍ സുരേഷ് റെയ്‌നയ്ക്കും വിരാട് കൊഹ്‌ലിക്കുംശേഷം 1000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനായി രോഹിത് ശര്‍മ.