വൃദ്ധനെ തല്ലിയ എസ്.ഐയെ നാട്ടുകാര്‍ തിരിച്ചു തല്ലി

single-img
30 January 2016

policecap

മദ്യപരെ പിടിക്കാന്‍ വഴിയില്‍ ഊതിക്കാന്‍ നിന്ന എസ്‌ഐയുടെ മുഖത്ത് വൃദ്ധന്‍ ഊതിയപ്പോള്‍ തുപ്പല്‍ വീണു. ഊതിയ ആളുടെ മുഖത്തടിച്ച് കലി തീര്‍ത്ത എസ്.ഐയെ കണ്ടു നിന്നവര്‍ കൈകാര്യം ചെയ്തു. ഇന്നലെ വൈകിട്ട് പത്തനംതിട്ട നഗരത്തില്‍ മാര്‍ക്കറ്റിലെ ഓട്ടോ സ്റ്റാന്‍ഡിനു മുന്‍പിലാണ് സംഭവങ്ങള്‍.

എസ്‌ഐയും കൂട്ടരും ചില്ലറ മദ്യവില്‍പ്പന ശാലയില്‍ നിന്ന് ഇറങ്ങുന്നവരെ പിടിക്കാന്‍ നില്‍ക്കുകയായിരുന്നു. മദ്യപരാണോ എന്ന് തിരിച്ചറിയാന്‍ ഊതിച്ചു നോക്കാന്‍ യന്ത്രമൊന്നുമില്ലാത്തതിനാല്‍ തന്റെ മുഖത്തേക്ക് ഊതിച്ചായിരുന്നു എസ്.ഐയുടെ പരിശോധന. ഈ സമയം ഇതുവഴി വന്ന വയോധികനോടും എസ്. ഐ ഊതാന്‍പറഞ്ഞു.

പല്ലില്ലാത്ത അദ്ദേഹം ഊതിയപ്പോള്‍ മുഖത്തു തുപ്പല്‍ വീണതിനെ തുടര്‍ന്ന് എസ്‌ഐ വൃദ്ധനെ തല്ലുകയായിരുന്നു. ിത്ു കണ്ടുനിന്ന നാട്ടുകാര്‍ അപ്പോള്‍ തന്നെ പ്രതികരിച്ചു. മദ്യം വാങ്ങി വരുന്നവരും നേരത്തെ പരിശോധനയില്‍ പിടിക്കപ്പെട്ടവരുമെല്ലാം പ്രതികരിക്കാന്‍ കിട്ടിയ അവസരം നന്നായി വിനിയോഗിച്ചു.

എസ്.ഐയെ തല്ലിയതിന്റെ പേരില്‍ ആരും പരാതിയുമായി മുന്നോട്ടുവരാത്തതിനാല്‍ പ്രശ്‌നങ്ങള്‍ അവിടംകൊണ്ടവസാനിക്കുകയായിരുന്നു.