മധ്യപ്രദേശില്‍ പശുവിനെ കൊന്നതിന് ബിജെപി നേതാവ് അറസ്റ്റില്‍

single-img
28 January 2016

cows-curious

പശുവിനെ കൊന്നതിന് ബിജെപി നേതാവ് അറസ്റ്റില്‍. ഗോവധ നിരോധം നിലനില്‍ക്കുന്ന മധ്യപ്രദേശില്‍ ദേവാസില്‍ നിന്നു 30 കിലോമീറ്റര്‍ അകലെ ടന്‍ഖര്‍ദില്‍ ബിജെപിയുടെ ന്യൂനപക്ഷ സെല്ലിലെ നേതാവായ അന്‍വര്‍ മേവ് ഏലിയാസ് അന്നയാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം നാലു ബന്ധുക്കളെയും പൊലീസ് അറസ്റ്റു ചെയ്തു.

പിടിയിലായവര്‍ക്കെതിരെ ഗോവധ നിരോധ നിയമപ്രകാരം കേസെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ വിജയ് സിസോദിയ വ്യക്തമാക്കി. ബിജെപി നേതാവിന്റെ വീട്ടില്‍ നിന്നു ഗോമാംസം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

അന്‍വറിനെ പൊലീസ് നടപടിയുടെ പശ്ചാത്തലത്തില്‍ ബിജെപി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. പ്രാഥമിക പരിശോധനയില്‍ അന്‍വറിന്റെ വീട്ടില്‍ നിന്നു കണ്ടെടുത്ത മാംസം പശുവിറച്ചിയാണെന്നും കൂടുതല്‍ സ്ഥിരീകരണത്തിനായി മഥുരയിലെ ലാബിലേക്ക് സാംപിളുകള്‍ അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഇതേസമയം, തന്റെ വീട്ടില്‍ നിന്നു കണ്ടെടുത്ത ഇറച്ചി ബീഫാണെന്നും പശുവിറച്ചിയല്ലെന്നും അന്‍വര്‍ പറഞ്ഞു. ഗോമാംസം കണ്ടെടുത്ത സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നഗരത്തില്‍ വന്‍പൊലീസ് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്.