സംസാരിച്ചു കൊണ്ട് ബൈക്കോടിച്ച പോലീസുകാരനെ കോടതിയില്‍ വിളിച്ചു വരുത്തി മജിസ്‌ട്രേറ്റിന്റെ ഇമ്പോസിഷന്‍

single-img
16 January 2016

policecap

മറ്റൊരു ബൈക്ക് യാത്രക്കാരനുമായി സംസാരിച്ചുകൊണ്ട് ബൈക്കോടിച്ച പോലീസുകാരന് മജിസ്‌ട്രേറ്റ് വക ഇമ്പോസിഷന്‍. തിരൂര്‍ ട്രാഫിക് യൂണിറ്റിലെ ഡ്രൈവര്‍ മനോജിനെയാണ് തിരൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ശിക്ഷിച്ചത്.

ബൈക്ക് യാത്രയ്ക്കിടെ മറ്റൊരു ബൈക്ക് യാത്രികനുമായി പോലീസുകാരന്‍ സംസാരിച്ചത് മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സംഭവം. രാറിലായ ട്രാഫിക് എസ്‌ഐയുടെ വാഹനം പോലീസ് ലൈനിലുള്ള വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടു പോയ ശേഷം മോട്ടോര്‍ സൈക്കിളില്‍ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ നിയമലംഘനം നടത്തിയതായി കാണിച്ച് മജിസ്‌ട്രേറ്റ് പോലീസുകാരനെ കോടതിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.

ട്രാഫിക് നിയമലംഘനം നടത്തിയതിന് അഞ്ച് മണിവരെ കോടതി മുറിക്കുള്ളില്‍ തടവ്, നൂറ് പേര്‍ക്ക് സമന്‍സ് വിതരണം ചെയ്യല്‍ ഡ്യൂട്ടി, 25 പ്രാവശ്യം ഇമ്പോസിഷന്‍ എന്നിവയില്‍ ഏതെങ്കിലും ഒരു ശിക്ഷ തെരഞ്ഞെടുക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചു. അതില്‍ 25 തവണ ഇമ്പോസിഷന്‍ എഴുതാന്‍ പോലീസുകാരന്‍ തീരുമാനിക്കുകയായിരുന്നു.

ഡ്രൈവിംഗിനിടയില്‍ താന്‍ ചെയ്തത് തെറ്റാണെന്നും മേലില്‍ ആവര്‍ത്തിക്കില്ലെന്നും 25 തവണ എഴുതിയതോടെ കോടതി മനോജിനെ പോകാന്‍ അനുവദിക്കുകയും ചെയ്തു.