ആണവ പരീക്ഷണത്തെത്തുടര്‍ന്ന് ഉത്തരകൊറിയയില്‍ ശക്തമായ ഭൂചലനം

single-img
6 January 2016

North Korea

ഉത്തരകൊറിയയില്‍ പരീക്ഷണത്തെത്തുടര്‍ന്നുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ വന്‍ ഭൂചലനം ഉണ്ടായി. ഇതു നാലാം തവണയാണ് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്നത്. ആണവ പരീക്ഷണം നടത്തിയതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ദക്ഷിണ കൊറിയ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്.

യുഎസ് ജിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് പ്രകാരം ഉത്തരകൊറിയ മുമ്പ് ആണവ പരീക്ഷണം നടത്തിയ കില്‍ജു നഗരത്തിന് 50 കിലോമീറ്റര്‍ സമീപത്ത്, ഭൂമിക്ക് പത്തു കിലോമീറ്റര്‍ അടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 2013ല്‍ ഉത്തരകൊറിയ മൂന്നാം ആണവ പരീക്ഷണം നടത്തിയപ്പോള്‍ ഉണ്ടായ ഭൂചലനത്തിനു സമാനമാണിപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് ദക്ഷിണ കൊറിയ പറയുന്നത്.

ആണവ പരീക്ഷണത്തിന്റെ തുടര്‍ച്ചയാണ് ഭൂചലനമെന്ന് ജപ്പാനും ആരോപിച്ചു. എന്നാല്‍ ഭൂചലനം ആണപരീക്ഷണം മൂലമാണോ ഉണ്ടായതെന്ന് ഉത്തര കൊറിയ പ്രതികരിച്ചിട്ടില്ല. രണ്ടു നാള്‍ കൂടി കഴിഞ്ഞാല്‍ ഉത്തര കൊറിയ നേതാവ് കിം ജോംഗ് ഉന്നിന്റെ ജന്മദിനമാണ്.