സൗദിയില്‍ ഭീകരാക്രമണ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 47 പേരുടെ വധശിക്ഷ നടപ്പാക്കി; ഭരണകൂടത്തിനെതിരെ ജനാധിപത്യ പ്രക്ഷോഭം നടത്തിയ ഷിയാ പുരോഹിതനേയും തൂക്കിലേറ്റി

single-img
2 January 2016

nimir-al-nimirറിയാദ്: ഭീകരാക്രമണ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 47 പേരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി. പ്രമുഖ ഷിയാ പുരോഹിതന്‍ ഷെയ്ഖ് നമിര്‍ അല്‍ നമിറടക്കമുള്ളവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശ സംഘടനകളുടെയും ഇറാന്റെയും പ്രതിഷേധം അവഗണിച്ചാണ് സൗദിയുടെ കൂട്ടവധശിക്ഷ.

2003നും 2006നും ഇടയില്‍ സൗദിയില്‍ നടന്ന ഭീകരാക്രമണ കേസുകളില്‍ പിടിക്കപ്പെട്ടവരാണിവര്‍. ഭീകര സംഘടനയായ അല്‍ ഖ്വയ്ദയുമായി ബന്ധമുള്ളവരാണ് ശിക്ഷിക്കപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്ന് സൗദി ആഭ്യന്തര മന്ത്രിലായം അറിയിച്ചു.

സൗദിയില്‍ ജനാധിപത്യ പ്രക്ഷോഭം നടത്തിയതിനാണ് ഷിയാ പുരോഹിതനായ നമിര്‍ അല്‍ നമിറിനെ ശിക്ഷിച്ചത്. നിമിറിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനം പൊലീസ് തടഞ്ഞതും തുടര്‍ന്ന് നടന്ന പ്രതിഷേധത്തിലും മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. നിമിറിന്റെ വധശിക്ഷ സൗദിയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് നമിറിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി ശരിവെച്ചത്. സൗദിയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 157 പേരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. 2014ല്‍ ഇത് 90 പേരായിരുന്നു.