അവിഹിതബന്ധം കണ്ടെത്തിയതിന്റെ പേരില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസ്; ഭർത്താവിന്റേയും സുഹൃത്തിന്റേയും വധശിക്ഷ ദുബായ് കോടതി ശരിവെച്ചു

single-img
31 December 2015

Atif- Bushraമുംബൈ:  മലയാളി യുവതിയെ ദുബായിൽ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെയും സുഹൃത്തായ പാക്കിസ്ഥാൻ സ്വദേശിയെയും വെടിവച്ചു കൊല്ലാനുള്ള കീഴ്ക്കോടതി ഉത്തരവ് ഉന്നത കോടതിയും ശരിവച്ചു. ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടെത്തിയതിന്റെ പേരിലായിരുന്നു കൊലപാതകം. 2013ൽ ഇരിങ്ങാലക്കുട സ്വദേശിനി നിമ്മി ധനഞ്ജയനെന്ന് ബുഷറ(24)യെ ശ്വാസംമുട്ടിച്ചു കൊന്നു മൃതദേഹം കുപ്പത്തൊട്ടിയിൽ തള്ളിയ കേസിൽ ഭർത്താവ് മഹാരാഷ്ട്രാ സ്വദേശി ആത്തിഫ് ഖമറുദീൻ പോപറെ, കൂട്ടാളി അലി എന്നിവരെ ശിക്ഷിച്ചത്.

ഫിലിപ്പീൻസ് യുവതിയുമായി മകനു ബന്ധമുണ്ടെന്നു മരുമകൾ പലവട്ടം ഫോണിൽ അറിയിച്ചിരുന്നതായി പ്രതിയുടെ പിതാവ് നൽകിയ മൊഴിയാണു നിർണായകമായത്. വിവാഹമോചനം നേടിയാൽ ജീവനാംശം നൽകണമെന്നതിനാലാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നു പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

നിമ്മി, മാട്ടുംഗ കോളജിൽ പഠിക്കുമ്പോഴാണു റായ്‌ഗഡ് ജില്ലയിൽ നിന്നുള്ള ആത്തിഫുമായി പ്രണയത്തിലായത്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചു 2008ൽ വിവാഹിതരായി.  2009ൽ മകൾ പിറന്നതിനു ശേഷം രണ്ടുവർഷം കൂടി കഴിഞ്ഞാണു ബുഷറ ഭർത്താവിനൊപ്പം താമസിക്കാൻ ദുബായിലെത്തിയത്.  ബുഷറയെക്കുറിച്ച് ഏതാനും ദിവസമായി വിവരം ലഭിക്കാത്തതിനെ തുടർന്നു ദുബായില്‍ ജോലി ചെയുന്ന സഹോദരന്‍ നിഗിൽ അന്വേഷിച്ചെത്തിയെങ്കിലും താമസസ്ഥലത്തു കണ്ടെത്താനായില്ല.

തുടർന്നു പൊലീസിൽ പരാതി നൽകി. പിന്നീടാണു ബർദുബായിൽ മൃതദേഹം കണ്ടെത്തിയത്. കൊലയ്ക്കു ശേഷം ആത്തിഫ് മുംബൈയ്ക്കു മുങ്ങിയെങ്കിലും റായ്ഗഡ് പൊലീസ് തിരയുന്നുവെന്നു മനസ്സിലാക്കി ദുബായിലേക്കു തന്നെ മടങ്ങി. ഇന്റർപോൾ റെഡ്കോർണർ നോട്ടിസ് പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്.