എം.പിമാരുടെ ശമ്പളവും ആനുകൂല്യങ്ങളും ഇരട്ടിയാകുന്നു

single-img
24 December 2015

Indian-Parliament-House-Delhi

രാജ്യത്തെ പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇരട്ടിയാക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. നിലവില്‍ ധനമന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കുന്ന ശുപാര്‍ശ പ്രകാരം പ്രതിമാസം 2.80 ലക്ഷം രൂപയായിരിക്കും എം.പിമാര്‍ക്ക് ലഭിക്കുകയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല അടിസ്ഥാന പെന്‍ഷന്‍ തുക 20,000ല്‍ നിന്ന് 35,000 രൂപയായി ഉയര്‍ത്തണമെന്നും ജോയിന്റ് കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നു.

എം.പിമാരുടെ ശമ്പളം നിലവിലെ 50,000ല്‍ നിന്ന് ഒരു ലക്ഷം രൂപയായും മണ്ഡല അലവന്‍സ് 45,000 രൂപയില്‍ നിന്ന് 90,000 രൂപയായും ഓഫീസ് അലവന്‍സ് 45,000 രൂപയില്‍ നിന്ന് 90,000 രൂപയായും ഉയര്‍ത്തണമെന്നാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ലഭിക്കുന്ന അടിസ്ഥാന പെന്‍ഷനൊപ്പം അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ സേവനം ചെയ്തവര്‍ക്ക് ഓരോ വര്‍ഷവും ലഭിക്കുന്ന അധിക തുക 1,500 രൂപയില്‍ നിന്ന് 2,000 ആയി ഉയര്‍ത്തണമെന്നും ശുപാര്‍ശയിലുണ്ട്. ധനമന്ത്രാലയം ഇത് അംഗീകരിച്ചാല്‍ ഇതരുസംബന്ധിച്ച ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

അംഗങ്ങളുടെ കാര്‍ വായ്പ, ഗാര്‍ഹികോപകരണ വായ്പ പരിധിയും ഇതിനു പുറമേ ഉയര്‍ത്തിയേക്കും. കഴിഞ്ഞ ബജറ്റില്‍ അംഗങ്ങളുടെ യാത്രബത്തയക്കമുള്ള ചെലവുകള്‍ക്ക് ലോക്‌സഭയ്ക്ക് 295.25 കോടിയും രാജ്യസഭയ്ക്ക് 121.96 കോടിയും ധനമന്ത്രാലയം അനുവദിച്ചിരുന്നു. എന്നാല്‍ ജോയിന്റ് കമ്മിറ്റിയുടെ ചില ശുപാര്‍ശകള്‍ ധനമന്ത്രാലയം തള്ളിക്കളയാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. അംഗങ്ങളുടെയും മുന്‍ അംഗങ്ങളുടെയും സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശകളാണ് നിരസിക്കപ്പെടുകയെന്നാണ് സൂചന.