മദ്യപിച്ചു വനിതാ സെല്ലിന്റെ ജീപ്പ് ഓടിച്ച പോലീസ് ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു

single-img
10 December 2015

12342863_880591065394085_4818874281664076942_n

മദ്യപിച്ചു വനിതാ സെല്ലിന്റെ ജീപ്പ് ഓടിച്ച പോലീസ് ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. ശബരിമല ഡ്യൂട്ടിക്കായി വിട്ടുകൊടുത്ത എറണാകുളം വനിതാ സെല്ലിന്റെ വാഹനം ഓടിച്ച എറണാകുളം എ.ആര്‍. ക്യാമ്പിലെ പോലീസ് ഡ്രൈവര്‍ ഷെമിര്‍(45) ആണ് പിടിയിലായത്. ശബരിമലയില്‍ നിന്നും ഇയാള്‍ തിരികെ എറണാകുളത്തേക്ക് കൊണ്ടുപോകുന്നതിനിടെ എ.സി. റോഡില്‍ കിടങ്ങറ ജംഗ്ഷനു സമീപം എത്തിയപ്പോഴായിരുന്നു സംഭവം.

എതിരേ വന്ന സ്‌കോര്‍പിയോ ജീപ്പുമായി ഇവിടെവെച്ച് കൂട്ടിയിടിക്കുന്നതില്‍നിന്നും ഷെമീര്‍ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. വന്‍ അപകടമാണ് ഇവിടെ ഒഴിവായത്. ഇതേത്തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്ന് ജീപ്പ് തടഞ്ഞു നിര്‍ത്തി കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ രാമങ്കരി പോലീസ് ഇയാള്‍ക്കെതിരേ പെറ്റിക്കേസ് മാത്രമെടുത്തു സംഭവം ഒതുക്കിയെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.