ചെന്നൈ ദുരിതബാധിതര്‍ക്ക് വീട് നല്‍കി അജിത്, വിജയുടെ വക അഞ്ച് കോടി രൂപ

single-img
7 December 2015

Chennai

ചെന്നൈ: പ്രളയ ദുരിതത്തില്‍ കഷ്ടപ്പെടുന്ന ചെന്നൈ ജനതയ്ക്ക് കൈത്താങ്ങായി തമിഴ് സിനിമാതാരങ്ങളും രംഗത്ത്. തമിഴകത്തിന്റെ തല അജിത്ത് ദുരിതബാധിതര്‍ക്ക് സ്വന്തം വീട്ടില്‍ താമസ സൗകര്യം ഒരുക്കിയാണ് കാരുണ്യഹസ്തം നീട്ടിയത്.

180 പേര്‍ക്കാണ് അജിത്ത് തന്റെ വസതിയില്‍ താമസം ഒരുക്കിയത്. ഭാര്യ ശാലിനിയുമായി ചേര്‍ന്ന് ദുരിതത്തില്‍ പെട്ട നാന്നൂറോളം ആളുകള്‍ക്ക് ഭക്ഷണവും മറ്റ് സഹായവും നല്‍കി. കൂടാതെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കോടി രൂപ നല്‍കുകയും ചെയ്തു.

അതേസമയം സിനിമയില്‍ അജിത്തിന്റെ മുഖ്യ എതിരാളിയായ ഇളയദളപതി വിജയ് ഇവിടെയും അജിത്തിനെ കടത്തിവെട്ടാനുള്ള ശ്രമത്തിലാണ്. അജിത് ഒരു കോടി നല്‍കിയപ്പോള്‍ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപയാണ് വിജയ് പ്രഖ്യാപിച്ചത്.

ചെന്നൈ ദുരിതാശ്വാസത്തിനായി പ്രഖ്യാപിച്ച ഫണ്ടിലേക്ക് സിനിമാ താരങ്ങളുടെ സഹായം ഒഴുകുകയാണ്. തമിഴ് താരം രാഘവേന്ദ്ര ലോറന്‍സ് ഒരു കോടി രൂപ പ്രഖ്യാപിച്ചു. കൂടാതെ വിശാല്‍, സിദ്ധാര്‍ഥ്, കുശ്ബു, കനിഹ തുടങ്ങിയ താരങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് ഇറങ്ങിയിട്ടുണ്ട്. മലയാളി താരങ്ങളും സഹായവുമായി മുന്നിലുണ്ട്.