ചെന്നൈ തരുന്നത് ചെറിയ പാഠമല്ല; മുല്ലപ്പെരിയാര്‍ കാണാതിരിക്കാനുമാകില്ല: കാരണം മൂന്നാറിനെ തകര്‍െത്തറിഞ്ഞ ഒരു വെള്ളപ്പൊക്കം ഇപ്പോഴും ചരിത്രത്തിലുണ്ട്

single-img
5 December 2015

Munnar

ചെന്നൈ നഗരിയെ ആകെമൊത്തം ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്കം ഇനിയും വിട്ടുമാറാതെ നിലനില്‍ക്കുകയാണ്. എല്ലാം സാധാരണ സ്ഥിതിയിലേക്ക് എത്തിച്ചേരാന്‍ മാസങ്ങള്‍ തന്നെ വേണ്ടിവരും. ഈ അവസ്ഥയില്‍ നാം കേരളത്തിന്റെ സ്ഥിതിഗതികള്‍ ചിന്തിക്കേണ്ടതുണ്ട്. മുല്ലപെരിയാര്‍ ഡാമിനായി തമിഴ്‌നാട് കേരളിത്തിനോട് തര്‍ക്കിക്കുമ്പോള്‍ ചെന്നൈയിലുണ്ടായത് പോലൊരു വെള്ളപ്പൊക്ക ഭീഷണി കേരളത്തിന് മുന്നിലും അത് ഉയര്‍ത്തുന്നു.

ചെന്നൈ പ്രളയത്തെ ഓര്‍മ്മിപ്പിക്കും വിധം കേരളത്തിലും ഒരു വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. ഇരുപതാംനൂറ്റാണ്ടില്‍ തെക്കേ ഇന്ത്യയില്‍ സംഭവിച്ച ഏറ്റവും വലിയ പ്രളയമായിരുന്നു അത്. കേരളഭൂപ്രകൃതിയെയും ജീവിതത്തേയും ആകമാനം തകിടംമറിച്ച ’99ലെ വെള്ളപ്പൊക്കം’ എന്നറിയപ്പെടുന്ന 1924ലില്‍ ജൂലൈ- ഓഗസ്റ്റ് മാസങ്ങളിലായി കേരളത്തിലുണ്ടായ അതിഭീകരമായ പ്രകൃതിദുരന്തം.

കൊല്ലവര്‍ഷം 1099ല്‍ ഉണ്ടായതിനാലാണ് തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരില്‍ ഇതറിയപ്പെടുന്നത്.1099 കര്‍ക്കടകമാസം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലുംപ്രളയത്തിലും കേരളത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോയിരുന്നു. മദ്ധ്യതിരുവിതാംകൂറിനേയുംതെക്കന്‍ മലബാറിനേയും പ്രളയം ബാധിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരെ വെള്ളപ്പൊക്കമുണ്ടായി എന്ന് പറയുമ്പോള്‍ തന്നെ അതിന്റെ കാഠിന്യം നമുക്ക് ഊഹിക്കാവുന്നതാണ്.

തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം മലയാളമണ്ണില്‍ വിതച്ച വിപത്തുകള്‍ വളരെ വലുതായിരുന്നു. കേരളമൊട്ടാകെ ഗതാഗതം മുടങ്ങി. റെയില്‍പാളങ്ങള്‍ വെള്ളം കയറി തീവണ്ടികള്‍ ഓട്ടംനിര്‍ത്തി. തപാല്‍ സംവിധാനങ്ങള്‍ നിലച്ചു. അല്‍പമെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം അഭയാര്‍ഥികളെക്കൊണ്ട്‌നിറഞ്ഞു. പ്രളയത്തോടൊപ്പം പട്ടിണിയും ജനങ്ങളെ വലച്ചു.

മദ്ധ്യകേരളത്തെയാണ് പ്രളയം ഏറ്റവും മാരകമായി ബാധിച്ചിരുന്നത്. ഏറണാകുളം ജില്ലയുടെ നാലില്‍ മൂന്ന്ഭാഗവും വെള്ളത്തിനടിയില്‍ മുങ്ങി. ആലപ്പുഴ പൂര്‍ണ്ണമായും വെള്ളത്തില്‍താഴ്ന്നു എന്നാണ് രേഖകള്‍പറയുന്നത്. മദ്ധ്യ തിരുവിതാംകൂറില്‍ 20 അടിവരെ വെള്ളം പൊങ്ങുകയുണ്ടായി. മഴപെയ്തുണ്ടായ മലവെള്ളവുംകടല്‍ വെള്ളവും ഒരുപോലെ കരയെ ആക്രമിച്ചു. മലബാറിലും പ്രളയം കനത്തതോതില്‍ബാധിച്ചിരുന്നു. കര്‍ക്കടകം പതിനേഴ് കഴിഞ്ഞപ്പോഴേക്കും തെക്കേ മലബാര്‍ വെള്ളത്തിനടിയിലായി. കോഴിക്കോട് പട്ടണം പകുതിയിലേറെയും മുങ്ങി. രണ്ടായിരം വീടുകള്‍വരെ നിലംപതിച്ചു. പൊന്നാനി താലൂക്കിലും മറ്റും കനോലി കനാലിലൂടെ മൃത ശരീരങ്ങള്‍ ഒഴുകിനടക്കുകയായിരുന്നു.

മൂന്നാറില്‍ സംഭവിച്ച ആഘാതമായിരുന്നു തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം മൂലമുണ്ടായ അതിഭയാനകമായ നഷ്ടം. സമുദ്രനിരപ്പില്‍ നിന്ന്5000 മുതല്‍ 6500 വരെ അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരെ അന്ന് മുങ്ങിപോയി. പ്രളയത്തിന്രെ ശക്തി അത്രത്തോളമായിരുന്നു. അന്ന്മൂന്നാറില്‍ വൈദ്യുതിയും റോപ്പ് വേയും മോണോറെയില്‍ തീവണ്ടിയും വരെ ഉണ്ടായിരുന്നു. കിലോമീറ്ററുകളോളംപരന്നു കിടന്നിരുന്ന ബ്രിട്ടീഷുകാരുടെ തേയിലത്തോട്ടങ്ങളും. എല്ലാം പ്രളയത്താല്‍ നിഷ്ഭ്രമമാകുകയായിരുന്നു. 1924 ജൂലൈ മാസത്തില്‍ മൂന്നാറില്‍ രേഖപ്പെടുത്തിയ പേമാരിയുടെ അളവ് 171.2ഇഞ്ചായിരുന്നു.

ജൂലൈ പകുതിയോടെ തുടങ്ങിയ കനത്തമഴയില്‍ വന്‍തോതില്‍ മണ്ണിടിഞ്ഞും മരങ്ങള്‍കടപുഴകിയും മാട്ടുപെട്ടിയില്‍ രണ്ടു മലകള്‍ ചേരുന്ന സ്ഥലത്ത് തനിയെ ഒരു ബണ്ട് ഉണ്ടായി. (ഇന്നവിടെ ഒരണക്കെട്ടുണ്ട്) തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവും പകലും പെയ്ത മഴയില്‍ഉരുള്‍പൊട്ടലുണ്ടായി. ഒഴുകിവന്ന മണ്ണും വെള്ളവും താങ്ങാനാവാതെ മാട്ടുപ്പെട്ടിയിലെ ബണ്ട്തകര്‍ന്നതോടെ ഒരു അണക്കെട്ട് പൊട്ടിയപോലെയുള്ള വെള്ളപ്പാച്ചിലില്‍ ഒഴുകിവന്ന വെള്ളവും ഒപ്പംവന്ന മരങ്ങളും കൂടി മൂന്നാര്‍ പട്ടണം തകര്‍ത്ത് തരിപ്പണമാക്കിയിരുന്നു.

തൊണ്ണൂറ്റിയൊന്‍പതിലെ വെള്ളപ്പൊക്കം കേരളത്തിന് അതിമാരകമായ പ്രഹരമേല്‍പ്പിക്കാന്‍ പ്രധാന കാരണമായത് ബണ്ഡ് പൊട്ടി വന്ന മഴവെള്ളപാച്ചിലായിരുന്നു. ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന ഭീഷണി അതിനേക്കാളേറെയാണ്. 140.12 അടിയാണ് മുല്ലപ്പെരിയാറിന്റെ ഉയരം. അതായത് അന്നത്തെ ബണ്ഡിനെക്കാള്‍ അനേകം മടങ്ങ് ജലസംഭരണമുള്ളതാണ് മുല്ലപ്പെരിയാര്‍. തമിഴ്‌നാട് ആവശ്യമുന്നയിക്കുന്നത് പോലെ മുല്ലപ്പെരിയാറില്‍ നിന്നും ജലം തുറന്ന് വിടുകയോ ജലനിരപ്പ് ഉയര്‍ത്തുകയോ ചെയ്യുകയാണെങ്കില്‍ കേരളത്തിന്റെ വലിയൊരു ഭാഗമായിരിക്കും വെള്ളത്തിനടിയിലാകുക.

ഇതിനുപുറമെ 1887ല്‍ വെള്ളകാര്‍ കെട്ടിയ അതേസ്ഥിതിയില്‍ തന്നെയാണ് ഡാം ഇന്നും നിലകൊള്ളുന്നത്. ഉയര്‍ന്നുവരുന്ന ജലനിരപ്പ് താങ്ങാന്‍ ആ പഴയനിര്‍മ്മിതിക്ക് എത്രത്തോളം കഴിയുമെന്നത് സംശയാവഹമാണ്. അങ്ങനെയാണെങ്കില്‍ 99ലെ വെള്ളപ്പൊക്കത്തേക്കാള്‍ വലുത് കേരളത്തില്‍ സംഭവിക്കാം.