പേമാരിയില്‍ മുങ്ങി ചെന്നൈ; മഴ കുറഞ്ഞെങ്കിലും ദുരിതത്തിലാഴ്ന്ന് ജനങ്ങള്‍

single-img
4 December 2015

An elderly man carrying a child walks through flood waters in Chennai, Tamil Nadu state, India, Monday, Nov.16, 2015. Incessant rains that lashed the city since Saturday night flooded several parts of Chennai. (AP Photo/Arun Sankar K)

ചെന്നൈ : കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ ചെന്നൈ കണ്ട ഏറ്റവും വലിയ മഴയ്ക്ക് വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ ശമനമായി. എങ്കിലും ഇപ്പോഴും നിരവധിപ്പേര്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയാണ്. കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയും പലയിടത്തും ഇപ്പോഴും ലഭ്യമല്ല. തുടര്‍ച്ചയായ മൂന്നാംദിവസവും ഗതാഗത, ടെലിഫോണ്‍ ബന്ധങ്ങള്‍ നിലച്ച അവസ്ഥ തുടരുകയാണ്. വെള്ളം ഇറങ്ങിയ സ്ഥലങ്ങളില്‍ വൈദ്യൂതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ചെന്നൈ നന്ദംപാക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 14 പേരാണ് മരിച്ചത്. മൂന്ന് ദിവസമായി ഇവിടെ വൈദ്യുതി ഇല്ലാത്തിനാല്‍ ജനറേറ്ററിലായിരുന്നു ആശുപത്രിയുടെ പ്രവര്‍ത്തനം. എന്നാല്‍ ഡീസലും തീര്‍ന്നതോടെ ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമാകുകയും ഐസിയുവില്‍ കഴിഞ്ഞിരുന്ന രോഗികള്‍ മരിക്കുകയുമായിരുന്നു. മഴക്കെടുതി കാരണം ആശുപത്രിയിള്‍ ആളുകള്‍ തിങ്ങി നിറഞ്ഞ അവസ്ഥയിലായിരുന്നു.

കൂടാതെ അവശ്യസസ്തുക്കളുടെ ദൗര്‍ലഭ്യം മൂലവും ജനങ്ങള്‍ വലയുകയാണ്. പലയിടത്തും കരിഞ്ചന്തയിലാണ് കുടിവെള്ളവും പാലും അടക്കമുള്ള അടക്കമുള്ളവ അവശ്യവസ്തുക്കള്‍ വില്‍ക്കുന്നത്. 30 രൂപയ്ക്കു വിറ്റുകൊണ്ടിരുന്ന 20 ലിറ്ററിന്റെ മിനറല്‍വാട്ടര്‍ ബോട്ടിലിന് 150 രൂപയാണു പലയിടത്തും. ഒരു ലിറ്റര്‍ പാലിന് 100 രൂപയാണ് ഈടാക്കിയത്. തക്കാളിയും ബീന്‍സും പോലുള്ള പച്ചക്കറികള്‍ കിലോയ്ക്ക് 8090 രൂപയ്ക്കാണ് വില്‍ക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പലതും അടച്ചിട്ടു. മറ്റിടങ്ങളില്‍ സാധനങ്ങള്‍ തീര്‍ന്നുപോയിട്ടുമുണ്ട്.

വെള്ളപ്പൊക്കം കാരണം മുടങ്ങിയ ഗതാഗതം ചെറിയ തോതില്‍ പുനരാരംഭിച്ചിട്ടുണ്ട്. ചെന്നൈ ബീച്ചില്‍ നിന്ന് അറക്കോണം എയര്‍ ബെയ്‌സിലേക്കും താബരം നേവല്‍ ബെയ്‌സിലേക്കും റെയില്‍വെ ഷട്ടില്‍ സര്‍വീസ് തുടങ്ങി. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ട്രൂജെറ്റ് എന്നിവ അറക്കോണം നേവല്‍ ബെയ്‌സില്‍നിന്ന് സര്‍വീസുകള്‍ നടത്തുന്നുണ്ട്.

പഞ്ചാബില്‍ നിന്നും 28 എന്‍ഡിആര്‍എഫ് ടീമുകള്‍ ചെന്നൈയില്‍ എത്തിയിട്ടുണ്ട്. 1200 പേരാണ് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്. ഇതിനോടകം 14 ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതായി തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. 255 നാവികസേനാ ഉദ്യോഗസ്ഥരും 12 ബോട്ടുകളും 15 ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനായി ഉണ്ടായിരുന്നു.