ഖത്തറിൽ സൗജന്യ ഏഷ്യൻ മെഡിക്കൽ ക്യാമ്പ് നവംബർ 27ന്; ഒരുക്കങ്ങൾ പൂർണ്ണം

single-img
25 November 2015

health medical report 2 [qatarisbooming.com]ദോഹ: ഖത്തറിലെ താഴ്ന്ന വരുമാനക്കരായ ഏഷ്യൻ തൊഴിലാളികൾക്കായി നടത്തുന്ന സൗജന്യ ഏഷ്യൻ മെഡിക്കൾ ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. നവംബർ 27ന് രാവിലെ 6.30 മുതൽ വൈകുന്നേരം ഏഴ് മണി വരെ സലത്തജദീദിലെ താരിഖ് ബിൻ സിയാദ് ബോയ്സ് സെക്കണ്ടറി സ്കൂളിലാണ് ക്യാമ്പ് നടക്കുക. ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഫ്രണ്ട്സ് കൾചറർ സെന്‍റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഇത് സംഘടിപ്പിക്കുന്നത്.

‘ഭക്ഷ്യസുരക്ഷ: കൃഷിയിടം മുതൽ ഭക്ഷണ തളിക വരെ ഭക്ഷണം സുരക്ഷിതമാക്കുക’ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ പ്രമേയം. പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്റെയും ഹമദ് മെഡിക്കൽ കോർപറേഷന്റെയും രക്ഷാധികാരത്തിലാണ് ക്യാമ്പ് നടക്കുന്നത്.

ക്യാമ്പിൽ അനുബന്ധ ബോധവൽകരണ പരിപാടികളിലുമായി 5000ത്തോളം പേർ പങ്കെടുക്കും. പ്രവാസ ജീവിതത്തിലെ മാനസിക സംഘർഷങ്ങൾ, തെറ്റായ ജീവിതരീതി തുടങ്ങി വിവിധ കാരണങ്ങളാൽ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ഏഷ്യൻ വംശജരായ തൊഴിലാളികളിൽ ആരോഗ്യബോധവൽക്കരണം നൽകുകയാണ് ക്യാമ്പിന്റെ മുഖ്യലക്ഷ്യം. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾ ഏറ്റവും കൂടുതലുളള ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളള പ്രവാസികൾ പ്രയോജനപ്പെടുത്തുന്ന ക്യാമ്പ് മാനുഷിക ഐക്യത്തിന്‍െറയും സാഹോദര്യത്തിന്‍െറയും നിസ്തുല മാതൃക കൂടിയാണെന്നും സംഘാടകർ പറഞ്ഞു.
നവംബർ 27ന് രാവിലെ ഒമ്പത് മണിക്കായിരിക്കും ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം. ഖത്തർ തൊഴിൽ മന്ത്രാലയത്തിലെ പ്രൈവറ്റ് അസോസിയേഷൻ ആന്‍റ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ നാജി അബ്ദുറബ്ബ് അൽ അജജി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഖത്തറിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആർ.കെ. സിങ്, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ, ഹമദ് മെഡിക്കൽ കോർപറേഷൻ, വിവിധ സാമൂഹ്യ സാംസ്കാരിക സംഘടന പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിക്കും.