ശബരിമല കീഴടങ്ങിക്കൊടുത്തു, ജന്മനാ ഇരുകാലുകളും തളര്‍ന്ന ജിതേന്ദ്രന്റെ അയ്യപ്പഭക്തിയ്ക്ക് മുന്നില്‍

single-img
21 November 2015

image

ശബിരമല: കല്ലും മുള്ളും നിറഞ്ഞ പാതകള്‍ താണ്ടി അനേകം ത്യാഗങ്ങള്‍ സഹിച്ചാണ് അയ്യപ്പനെ തൊഴാനായി സ്വാമിമാര്‍ ശബരിമല കയറിയെത്തുക. സന്നിദാനത്തിലേക്കുള്ള വഴിയില്‍ ഏറ്റവും ദുര്‍ഘടം പിടിച്ച ഘട്ടമാണ് നീലിമലയും അപ്പാച്ചിമേടും കയറിയെത്തുകയെന്നത്. ഇവിടം കടക്കുകയെന്നത് നരഗപരീക്ഷണത്തിന് തുല്യമാണ്. പൂര്‍ണ ആരോഗ്യവാന്മാരായ സ്വാമിമാര്‍ക്കുപോലും നീലിമലയും അപ്പാച്ചിമേടും കടക്കുന്നതോടെ അവശനാകും.

എന്നാല്‍ ഇത്രയും കഠിനമായ നീലിമലയും അപ്പാച്ചിമേടും താണ്ടുകയെന്നത് ജിതേന്ദ്രന്‍ സ്വാമിയ്ക്ക് നിസ്സാരമായ കാര്യമാണ്. ജിതേന്ദ്രന്‍ന്റെ അയ്യപ്പഭക്തിക്ക് മുന്നില്‍ ഇവയെല്ലാം കീഴടങ്ങുകയാണ്. അയ്യപ്പന്റെ താങ്ങില്‍ ജിതേന്ദ്രന്‍ മാമലകളും പതിനെട്ടാം പടിയും കടന്ന് ഇരുമുടികെട്ടുമായി അയ്യനെ വണങ്ങി.
ഇരുകാലുകളും ജന്മനാ തളര്‍ന്ന് ശോഷിച്ച വ്യക്തിയാണ് കൊടുങ്ങല്ലൂര്‍ കാരാവാ കടപ്പുറം കോഴിശ്ശേരി വിജയന്റെ മകന്‍ ജിതേന്ദ്രന്‍. ഇത് നാലാം വട്ടമാണ് മുപ്പത്തിനാലുകാരനായ ജിതേന്ദ്രന്‍ മലതാണ്ടി അയ്യപ്പനെ വണങ്ങുന്നത്. പമ്പയില്‍ നിന്ന് നിരങ്ങിനീങ്ങിയാണ് ജിതേന്ദ്രന്‍ മല കയറിയത്. കുത്തനെയുള്ള പതിനെട്ടാംപടി കടക്കാന്‍ പോലീസും ബന്ധുക്കളും സഹായിച്ചു.

ജ്യേഷ്ഠന്‍ രാജേന്ദ്രനും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ബി.കോം. ബിരുദ്ദധാരിയായ ജിതേന്ദ്രന് ഇതുവരെ സ്ഥിരം ജോലിയായിട്ടില്ല. അഴിക്കോട് മുനമ്പത്ത് ജങ്കാര്‍ സര്‍വീസിന് ടിക്കറ്റ് നല്‍കുന്ന താല്‍ക്കാലിക ജോലിയാണിപ്പോള്‍ ചെയ്യുന്നത്.