വാഹനാപകടങ്ങള്‍ പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ പോലീസുകാര്‍ക്ക് പറന്നെത്താന്‍ ദുബായ് പോലീസ് ജെറ്റ് പാക്കുകള്‍ വാങ്ങുന്നു

single-img
18 November 2015

dubai-police-jetpack.jpeg.image.784.410

ലോകത്തെ മികച്ച സൂപ്പര്‍ കാറുകളുടെ ശേഖരമുള്ള പോലീസ് സേന ഏതാണെന്ന് ചോദിച്ചാല്‍ അതിനുത്തരം ഒന്നേയുള്ളൂ; ദുബായ് പോലീസ്. ബുഗാട്ടി, ഫെറാറി, ലാംബോര്‍ഗിനി, ബെന്‍സ് തുടങ്ങി സൂപ്പര്‍ കാറുകളുടെ ഒരു വന്‍ നിരത്തന്നെ ദുബായ് പോലീസിനുണ്ട്. നഗരത്തില്‍ ബുദ്ധിമുട്ട് സൃഷ്ടിച്ച് ചീറിപ്പായുന്ന സ്‌പോര്‍സ് കാറുകളെ പിടികൂടാനായാണ് ഈ കാറുകളെല്ലാം അവര്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ പറക്കാനുള്ള ജെറ്റ് പാക്കുകള്‍ വാങ്ങാനുള്ള തയ്യാറെടുപ്പുകളും അവര്‍ തുടങ്ങിക്കഴിഞ്ഞു.

250,000 ഡോളറാണ് (ഏകദേശം 1.6 കോടി രൂപ) ജെറ്റ് പാക്കിന്റെ വില.ന്യൂസിലാന്‍ഡ് ആസ്ഥാനമായുള്ള മാര്‍ട്ടിന്‍ എന്ന വിമാന നിര്‍മ്മാണ കമ്പനിയാണ് ജെറ്റ് പാക്കിന്റെ നിര്‍മ്മാതാക്കള്‍. 120 കിലോഗ്രാം ഭാരം താങ്ങാനുള്ള ശേഷി ഇവയ്ക്കുണ്ട്. 3000 അടി ഉയരത്തില്‍ വരെ പറക്കാന്‍ ശേഷിയുണ്ട് ഈ ജെറ്റ്പാക്കുകള്‍ക്ക്. മണിക്കൂറില്‍ 74 കിലോമീറ്റര്‍ വേഗതയിലെത്താനും ഇവയ്ക്ക് കഴിയും.

റിമോട്ട് കണ്‍ട്രോള്‍ വഴിയും പൈലറ്റ് മുഖാന്തിരവും ഈ ജെറ്റ്പാക്ക് പ്രവര്‍ത്തിക്കാനാവും. അത്യാവശ്യ ഘട്ടങ്ങളില്‍ ആദ്യമെത്തുന്ന ക്യൂക്ക് റെസ്‌പോണ്‍സ് ടീമിനായാണ് ജെറ്റ്പാക്ക് വാങ്ങുന്നതെന്നാണ് ദുബായ് പൊലീസ് പറയുന്നത്. കൂടാതെ അഗ്‌നിശമന സേനയ്ക് ഇടുങ്ങിയ സ്ഥലങ്ങളിലും മറ്റുമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇത് ഉപകാരപ്പെടുമെന്നും അവര്‍ പറയുന്നു.

ജെറ്റ്പാക്കിനെ സ്വന്തമാക്കാനുള്ള ഒരുക്കങ്ങള്‍ പൊലീസ് തുടങ്ങിയെന്നും ജെറ്റ്പാക്കുകള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടെന്നുമാണ് ദുബായില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍. പരിശീലനം, സ്‌പെയര്‍ പാര്‍ട്‌സ്, ഇതര സര്‍വീസുകള്‍ എന്നിവ അടങ്ങിയതാണ് കരാര്‍. ആദ്യ ഘട്ടമായി 20 ജെറ്റ്പാക്കുകളാണ് ദുബായ് പോലീസ് വാങ്ങുന്നത്.

ഈ മാസം ദുബായില്‍ നടന്ന എയര്‍ഷോയിലെ മുഖ്യാകര്‍ഷണമായിരുന്നു ജെറ്റ് പാക്ക്. എമിറേറ്റ്‌സ് കമ്പനിയുടെ ലോകത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വിമാനമായ എയര്‍ബസ് എ380യ്‌ക്കൊപ്പം ആകാശത്ത് അഭ്യാസപ്രകടനങ്ങള്‍ കാഴചവെച്ച ജെറ്റ് പാക്കുകളുടെ വീഡിയൊ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.