വീട്ടുജോലിക്കാരെ ആവശ്യപ്പെടുന്നവർക്ക് കർശന നിബന്ധനകളുമായി സൗദി തൊഴിൽ മന്ത്രാലയം

single-img
6 November 2015

Saudiറിയാദ്: വീട്ടുജോലിക്കാരെ ആവശ്യപ്പെടുന്നവർ നിരവധി നിബന്ധനകൾ പാലിച്ചിരിക്കണമെന്ന് സൗദി തൊഴിൽ മന്ത്രാലയം. നിശ്ചിത ബാങ്ക് ബാലൻസ് ഉറപ്പാക്കുക, ട്രാഫിക് പിഴയുടെ കുടിശ്ശിക തീർത്തിരിക്കുക എന്നിവ പ്രധാനമാണ്.

ഒരു വീട്ടുജോലിക്കാരിയെ വെക്കണമെങ്കിൽ കുറഞ്ഞത് 5,000 റിയാൽ പ്രതിമാസ വരുമാനം ഉണ്ടായിരിക്കണം. അപേക്ഷിക്കുന്നതിനു മുമ്പ് ആറുമാസത്തിൽ കൂടിയ കാലയളവിൽ 35,000 റിയാൽ ബാങ്ക് ബാലൻസും വേണം. രണ്ടാം വിസക്ക് 18,000 റിയാൽ മാസ വരുമാനവും, 20,000 റിയാൽ ബാങ്ക് ബാലൻസും ആവശ്യമാണ്.

30,000 റിയാൽ മാസ വരുമാനമുള്ളവർ മാത്രമേ നാല് വിസക്ക് അപേക്ഷിക്കാനാവൂ. രണ്ടര ലക്ഷം റിയാൽ ബാങ്ക് ബാലൻസും നിർബന്ധം. അഞ്ചാം വിസക്ക് മാസവരുമാന കണക്ക് നിർബന്ധമാക്കിയില്ലെങ്കിലും അഞ്ചുലക്ഷം റിയാൽ ബാങ്ക് ബാലൻസ് കാണിച്ചിരിക്കണം.
അപേക്ഷിക്കുന്ന അവസരത്തില്‍ നിലവിലുള്ള സജീവ വിസകളുടെ കാര്യവും പരിഗണനക്കെടുക്കും. സൗദി പൗരൻമാരല്ലാത്തവർക്കും 25 വയസ്സിന് മുകളിലാണെങ്കിൽ ശമ്പള വിശദാംശങ്ങൾ സമർപ്പിച്ച് വീട്ടുവേലക്കാരുടെ വിസക്ക് അപേക്ഷിക്കാം.

വീട്ടുജോലിക്കാരെ ആവശ്യപ്പെട്ടുള്ള ഓൺലൈൻ അപേക്ഷകൾ പലതും നിരസിക്കപ്പെടുകയാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വ്യവസ്ഥകൾ തൊഴിൽ മന്ത്രാലയം വീണ്ടും വ്യക്തമാക്കിയത്.

മിക്ക അപേക്ഷകളും നിരസിക്കാനുള്ള പ്രധാന കാരണം മോശം സാമ്പത്തിക സ്ഥിതിയാണ്. അടിസ്ഥാനമില്ലാത്തതോ അവ്യക്തമോ ആയ രേഖകൾ, എണ്ണത്തിൽ കൂടുതൽ വിസ ആവശ്യപ്പെടുക, 2,000 റിയാലിന്റെ അപേക്ഷ ഫീസ് അടയ്ക്കാതിരിക്കുക, വരുമാന തെളിവായി ബാങ്ക് സ്റ്റേറ്റ്മെന്‍റ് കാണിക്കാതിരിക്കുക എന്നിവ മൂലവും അപേക്ഷകൾ നിരസിക്കാം.