അലൻ ഡൊണാൾഡിന്റെ പാസ്പ്പോർട്ട് ന്യൂയോർക്കിൽ കാണാതായി; കണ്ടെത്താൻ സച്ചിന്റെ ഫേസ്ബുക്ക് അഭ്യർത്ഥന

single-img
5 November 2015

Sachin-Tendulkarന്യൂയോർക്ക്: മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം അലൻ ഡൊണാൾഡിന്റെ പാസ്പോർട്ട് ന്യൂയോർക്കിൽ വെച്ച് കളഞ്ഞുപോയി. അലന്റെ പാസ്പോർട്ട് കണ്ടെത്താൻ അഭ്യർത്ഥിച്ച് സച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വെറുതെയല്ല പോസ്റ്റ്, കണ്ടെത്തുവർക്ക് ഇനാമും മാസ്റ്റർ ബ്ലാസ്റ്റർ വാഗ്ദാനം ചെയ്തിട്ടുണ്ട്. പാസ്പോർട്ട് കണ്ടെത്തുന്നവർക്ക് ഓൾ സ്റ്റാർസ് ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്ന എല്ലാ ക്രിക്കറ്റ് താരങ്ങളേയും നേരിട്ട് കാണാനുള്ള അവസരമൊരുക്കുകയാണ് സച്ചിന്റെ പാരിതോഷികം.

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർ മാരിലൊരാളാണ് അലൻ ഡൊണാൾഡ്. നിലവിൽ ദക്ഷിണാഫ്രിക്കൻ ടീമിന്റെ ബൗളിങ് കോച്ചാണ് അലൻ. കൂടാതെ ഐ.പി.എൽ ടീമായ റോയൽ ചലഞ്ചേഴ്സിന്റെ മുഖ്യ പരിശീലകനുമാണദ്ദേഹം.

ഓൾസ്റ്റാർസ് ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി ന്യൂയോർക്കിൽ എത്തിയതാണ് അലൻ ഡൊണാൾഡ്. വിരമിച്ച ക്രികറ്റ് താരങ്ങൾ അണിനിരക്കുന്ന ടൂർണമെന്റാണ് ഓൾസ്റ്റാർസ് ക്രിക്കറ്റ് ലീഗ്. ലീഗിലെ ആദ്യ മത്സരത്തിന് നവംബർ ഏഴിന് ന്യൂയോർക്കിൽ തുടക്കമാകും. സച്ചിൻ നയിക്കുന്ന സച്ചിൻസ് ബ്ലാസ്റ്റേഴ്സും ഓസീസ് സ്പിൻ മാന്ത്രികൻ ഷെയിൻ വോൺ നയിക്കുന്ന വോൺസ് വാരിയേർസും തമ്മിലാണ് മത്സരം. തങ്ങളുടെ പ്രിയതാരങ്ങൾ ഒന്നുകൂടി കളിക്കളത്തിൽ ഇറങ്ങുന്ന അസുലഭനിമിഷത്തിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ.