ചികിത്സാ പിഴവ് മൂലം രോഗി മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് നോട്ടീസുപോലും നല്‍കാതെ ഡോക്ടര്‍മാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് രോഗികള്‍ ചികിത്സ കിട്ടാതെ വലയുന്നു

single-img
28 October 2015

Doctors

തിരുവനന്തപുരം ജന.ആസ്പത്രിയില്‍ ചികിത്സാ പിഴവ് മൂലം രോഗി മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് നോട്ടീസുപോലും നല്‍കാതെ ഡോക്ടര്‍മാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് രോഗികള്‍ ചികിത്സ കിട്ടാതെ വലയുന്നു. ഡോക്ടറുടെ ചികിത്സാ പിഴവിനെ തുടര്‍ന്ന ചൊവ്വാഴ്ച വൈകീട്ട് മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ റജിമോന്‍ മരിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ ഉണ്ടായത്.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിച്ച് നടത്തുന്ന സമരത്തെ തുടര്‍ന്ന് രോഗികള്‍ ചികിത്സ കിട്ടാതെ വലയുകയാണ്. ഡോക്ടര്‍മാര്‍ സമരം നടത്തിയത് മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണെന്നും അതിനാല്‍ തന്നെ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ സാധിച്ചില്ലെന്നും ആരോഗ്യ വകുപ്പ് മാധ്യമങ്ങളെ അറിയിച്ചു.

റജിയെ ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ തളര്‍ച്ച ബാധിച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റജിക്ക് കാര്യമായ ചികിത്സ കിട്ടിയില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അയിഷ ഇ.സി.ജി.യും രക്തപരിശോധനയും നടത്താന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പരിശോധനയില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറവാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രിപ്പ് നല്‍കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. ഒരു മണിക്കൂറിന് ശേഷം ശരീരം തളരുന്നതായി കണ്ട സുഹൃത്തുക്കള്‍ ഡോക്ടറെ വിവരമറിയിച്ചു. ഡോക്ടര്‍ എത്തി ഇഞ്ചക്ഷന്‍ നല്‍കിയതോടെ മരണം സംഭവിക്കുകയായിരുന്നു.

ഡോക്ടര്‍ മരണകാരണം അന്വേഷിച്ച ബന്ധുക്കളോടും സുഹൃത്തുക്കളോടും അപമര്യാദയായി പെരുമാറി. ഇവര്‍ക്കുനേരെ കൈയിലിരുന്ന കുറിപ്പ് വലിച്ചെറിഞ്ഞതായി ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. റജിമോന്റെ മരണവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഡി.എം.ഒയും ഡി.എച്ച്. എസും ആസ്പത്രിയില്‍ സന്ദര്‍ശനം നടത്തുകയും അന്വേഷണ വിധേയമായി ഡോക്ടര്‍ അയിഷയെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.