കേരള ബ്ലാസ്‌റ്റേഴ്‌സിനു നാലാം തോല്‍വി

single-img
28 October 2015

blastrsപൂനെ: ബ്ലാസ്‌റ്റേഴ്‌സിനു നാലാം തോല്‍വി.  രണ്ടിനെതിരെ  മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ പൂനെ മറികടന്നത്. മത്സരം തുടങ്ങി ആദ്യ മിനിറ്റിനുള്ളില്‍ ഗോള്‍ പിറന്ന കളിയില്‍ ബ്ലാസ്‌റ്റേഴ്‌സിനുള്ള മുന്‍തൂക്കം ആദ്യ പകുതിയില്‍തന്നെ പൂനെ മറികടന്നു. തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി രണ്ടുതവണ ലക്ഷ്യം കണ്ട മലയാളി താരം മുഹമ്മദ് റാഫി കളിയിലെ താരമായി.

തുടര്‍ച്ചയായ തോല്‍വികള്‍ തീര്‍ത്ത ആഘാതം മറക്കാന്‍ മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി പൂനെ സിറ്റിക്ക് എതിരെ ഗ്രൗണ്ടിലിറങ്ങിയിരിക്കുന്നത്. പരിശീലകന്‍ പീറ്റര്‍ ടെയ്‌ലറിന്റെ വക മികച്ച അഴിച്ചുപണിയും ടീമില്‍ നടത്തിയിരുന്നു. മത്സരം തുടങ്ങി 56-ാം സെക്കന്‍ഡില്‍ പൂനെയുടെ ഗോള്‍വല കുലുക്കി റാഫി സീസണിലെ ഏറ്റവും വേഗമേറിയ ഗോളിന് ഉടമയായി.

എന്നാല്‍ 16-ാം മിനിറ്റില്‍ പൂനെയ്ക്കുവേണ്ടി ഉച്ചേ ഗോള്‍ മടക്കിയതോടെ മത്സരം വീണ്ടും ചൂടുപിടിച്ചു. 23-ാം മിനിറ്റില്‍ ഉച്ചേ ഗോള്‍ ആവര്‍ത്തിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും സമ്മര്‍ദത്തിലായി. എന്നാല്‍ സീസണിലെ നാലാം ഗോള്‍ സ്വന്തമാക്കി 30-ാം മിനിറ്റില്‍ റാഫി ഗോള്‍ മടക്കി. രണ്ടാം പകുതി ഇരു ടീമുകള്‍ക്കും നിര്‍ണായകമായി.

സമ്മര്‍ദമേറിയ മത്സരത്തില്‍ 72-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തി പുനെയ്ക്കുവേണ്ടി സാന്‍ലി ലക്ഷ്യം കണ്ടതോടെ കളിയുടെ ഗതിമാറി. തുടര്‍ന്ന് ലക്ഷ്യങ്ങള്‍ പിഴച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി സമ്മതിച്ചു.