കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ ക്രൂരമൃഗങ്ങള്‍ക്ക് തുല്യമാണെന്നും കുറ്റവാളികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും സുപ്രീം കോടതി

single-img
27 October 2015

supreme court

കുട്ടികള്‍ക്ക് നേര്‍ക്ക് ലൈംഗിക അതിക്രമം നടത്തുന്നവരെ ഷണ്ഡീകരിക്കണമെന്ന മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം പുറത്ത് വന്നതിന് പിന്നാലെ സുരപീംകോടതിയുടെ പ്രസ്താവനയും. കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ ക്രൂരമൃഗങ്ങള്‍ക്ക് തുല്യമാണെന്നും കുറ്റവാളികള്‍ യാതൊരു കരുണയും അര്‍ഹിക്കുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു. രാജ്യതലസ്ഥാനത്തും രാജ്യമാകമാനവും പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള വര്‍ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങളില്‍ ആശങ്കയും രോഷവും സുപ്രീം കോടതി അറിയിച്ചു.

ഹിമാചല്‍ പ്രദേശില്‍ 10 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 10 വര്‍ഷം ശിക്ഷ നേരിടുന്ന 35കാരനായ കുല്‍ദീപ് കുമാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവും ജസ്റ്റിസ് അമിതാവ റോയിയും അടങ്ങുന്ന ബഞ്ച് ലൈംഗിക അതിക്രമ വിഷയത്തില്‍ നിരീക്ഷണം രേഖപ്പെടുത്തിയത്. പെണ്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ ക്രൂര മൃഗസമാനരാണെന്നും ഒരു കരുണയും അര്‍ഹിക്കുന്നില്ലെന്നും പറഞ്ഞ സുപ്രീം കോടതി ബെഞ്ച് കുല്‍ദീപ് കുമാറിന്റെ അപ്പീല്‍ തള്ളുകയും ചെയ്തു.

മാപ്പര്‍ഹിക്കാത്ത കുറ്റ കൃത്യമാണ് കുട്ടികള്‍ക്ക് നേരെയുള്ള പീഡനശ്രമങ്ങളെന്നും സുപ്രീം കോടതി പറഞ്ഞു.