ട്രെയിനിലെ ബാത്ത്‌റൂമില്‍ പ്രഭാതകൃത്യം നിര്‍വ്വഹിക്കുന്നതിനിടെ ലോക്ക് ഇല്ലാത്ത വാതില്‍ മറ്റൊരാള്‍ തുറന്നതിന്റെ പേരില്‍ യാത്രക്കാരന് 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് റെയില്‍വേയോട് കോടതി ഉത്തരവ്

single-img
26 October 2015

train

ട്രെയിനിലെ ശുചിമുറിയുടെ വാതില്‍ ശരിയായ രീതിയില്‍ അടയ്ക്കാനാവാത്തതുമൂലം താന്‍ നാചണക്കേടിന് ഇരയായെന്ന് കാട്ടി യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ 1.5 ലക്ഷം രൂപ റയില്‍വേ ഇയാള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്. സംത എക്‌സ്പ്രസില്‍ ഡല്‍ഹിയില്‍ നിന്നും ഛത്തീസ്ഗഡിലെ ദര്‍ഗിലേക്ക് എസി1 കോച്ചില്‍ യാത്ര ചെയ്ത ഗുരുദര്‍ശന്‍ ലംബയ്ക്കാണ് കോടതി അനുകൂല ഉത്തരവുണ്ടായത്.

ട്രെയിനില്‍ യാത്രചെയ്യുന്ന വേളയില്‍ പ്രഭാതകൃത്യത്തനായി ശുചിമുറിയില്‍ കയറിയ ലംബ വാതിലിന്റെ താഴിട്ടുവെങ്കിലും കുറച്ചുനിമിഷങ്ങള്‍കം മറ്റൊരാള്‍ വാതില്‍ പുറത്തുനിന്നും തുറക്കുകയായിരുന്നു. പൂട്ടിയതിനുശേഷവും വാതില്‍ മറ്റൊരാള്‍ തുറന്നത് തന്നെ മാനസികമായി തളര്‍ത്തിയെന്നും പരിശോധനയില്‍ വാതിലിന്റെ താഴിന് തകരാറുണ്ടായിരുന്നെന്ന് മനസ്സിലാക്കിയെന്നും കാട്ടിയാണ് ലംബ ഉപഭോക്തൃ കോടതിയില്‍ റയില്‍വേ അധികാരികള്‍ക്കെതിരെ പരാതി നല്‍കിയത്.

ഈ സംഭവം തനിക്ക് മനോവേദന ഉണ്ടാക്കിയതായും നഷ്ടപരിഹാരം ലഭിക്കണമെന്നും ലംബ പരാതിയില്‍ ആവശ്യപ്പെട്ടു. ലംബയുടെ പരാതി കള്ളമാണെന്നും എസി1 കോച്ചിലെ മറ്റൊരു യാത്രക്കാരനും ഇത്തരത്തില്‍ പരാതി പെട്ടിട്ടില്ലെന്നും എസി1 കോച്ചില്‍ മറ്റു നാലു ശുചിമുറികള്‍ കൂടി ഉണ്ടായിരുന്നതായും ലംബയ്ക്ക് അവയില്‍ ഏതെങ്കിലും ഒരെണ്ണം ഉപയോഗിക്കാമായിരുന്നെന്നും റയില്‍വേ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു. 1.50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും 10,000 രൂപ കേസ് നടത്തിപ്പിന് ചെലവായ ഇനത്തില്‍ ലംബയ്ക്ക് നല്‍കണമെന്നും കോടതി റയില്‍വേക്ക് ഉത്തരവിട്ടു. എസി കോച്ചില്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്ന റയില്‍വേ യാത്രക്കാര്‍ക്ക് സുരക്ഷിതവും സുഖകരമായ യാത്രാസൗകര്യവും ഒരുക്കി നല്‍കണമെന്ന് കോടതി വ്യക്തമാക്കി.