സെപ്പ് ബ്ലാറ്റര്‍ സ്ഥാനം ഒഴിയണമെന്ന് ആവശ്യവുമായി ഫിഫയുടെ മുഖ്യ സ്‌പോണ്‍സര്‍മാര്‍

single-img
3 October 2015

sepp-blatterസൂറിച്ച്: ശക്തമായ അഴിമതിയാരോപണം ഉയര്‍ന്നിട്ടും ഫിഫ അധ്യക്ഷന്‍ സ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറല്ലാത്ത സെപ്പ് ബ്ലാറ്റര്‍ക്കെതിരെ ഫിഫയുടെ മുഖ്യ സ്‌പോണ്‍സര്‍മാരും രംഗത്തെത്തി. കൊക്ക കോള, വീസ, ബുഡ്‌വെയ്‌സര്‍, മക്‌ഡോണാള്‍ഡ് എന്നീ കമ്പനികളാണ് ബ്ലാറ്റര്‍ രാജിവയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്. ബ്ലാറ്റര്‍ സ്ഥാനമൊഴിയുന്നതാണ് ഫുട്‌ബോളിന് നല്ലതെന്നാണ് മക്‌ഡൊണാള്‍ഡ് പത്രക്കുറിപ്പില്‍ പറഞ്ഞു.

ബ്ലാറ്റര്‍ കാരണം ഫിഫയുടെ മുഖച്ഛായ അനുദിനം കളങ്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കൊക്കകോള ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.  ഫുട്‌ബോളിനും ഫിഫയ്ക്കും നല്ലത് ബ്ലാറ്റര്‍ രാജിവയ്ക്കുന്നതു തന്നെയാണെന്ന് വീസയും പറഞ്ഞു. ഫുട്‌ബോളിനെ നവീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ബ്ലാറ്ററുടെ സാന്നിധ്യം ഒരു തടസ്സമാണെന്നാണ് ബുഡ്‌വെയ്‌സറുടെ മാതൃസ്ഥാപനമായ എബി ഇന്‍ ബെവ് പറയുന്നത്.

അഡിഡാസ്, ഗാസ്‌പ്രോം, ഹ്യൂണ്ടായി എന്നിവയാണ് ഫിഫയുടെ മറ്റ് സ്‌പോണ്‍സര്‍മാര്‍. എന്നാല്‍, എന്ത് സമ്മര്‍ദമുണ്ടായാലും രാജിവയ്ക്കില്ലെന്നു തന്നെയാണ് ബ്ലാറ്ററുടെ നിലപാട്. ഈ അവസരത്തില്‍ രാജിവയ്ക്കുന്നത് ഫുട്‌ബോളിന് ഗുണം ചെയ്യില്ലെന്ന് തന്റെ അഭിഭാഷകന്‍ മുഖേന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ബ്ലാറ്റര്‍ പറഞ്ഞു.

ഫിഫയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുംവിധം സംപ്രേഷണകരാറുകള്‍ നല്‍കിയെന്നും യുവേഫ അധ്യക്ഷന്‍ മിഷേല്‍ പ്ലാറ്റിനിക്ക് പണം നല്‍കിയെന്നുമുള്ള ആരോപണങ്ങളിലാണ് 79കാരനായ ബ്ലാറ്റര്‍ അന്വേഷണം നേരിടുന്നത്.