അഞ്ച് കുട്ടികളേയും വളര്‍ത്തു മൃഗങ്ങളേയും കടിച്ചശേഷം നായ പോയി; കടിയേറ്റ ഗര്‍ഭിണിയായ പശുവിനു പേ ഇളകിയതിനെ തുടര്‍ന്ന് വെടിവച്ചുകൊന്നു

single-img
26 September 2015

Cow

രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ കടിയേറ്റ ഗര്‍ഭിണിയായ പശുവിനു പേവിഷബാധയുടെ ലക്ഷണം കണ്ടതിനെത്തുടര്‍ന്നു പോലീസ് എത്തി നാട്ടുകാരുടെ സഹായത്തോടെ വെടിവച്ചുകൊന്നു. ആയവന പഞ്ചായത്തിലെ കാലാമ്പൂരിലെ ചിറങ്ങരയില്‍ കരീമിന്റെ പശുവിനെയാണ് വെടിവെച്ച് കൊന്നത്. പശുവിന്റെ മൂക്കിലാണു നായുടെ കടിയേറ്റിരുന്നത്.

പശുവിന്റെ മുറിവുണങ്ങാന്‍ സമയമെടുക്കുമെന്ന് മൃഗഡോക്ടര്‍ അറിയിച്ചതനുസരിച്ച് പശുവിനു കുത്തിവയ്പ് നല്‍കി തൊഴുത്തില്‍ കെട്ടി നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞദിവസം പശു അക്രമസ്വഭാവം കാണിച്ചതിനെ തുടര്‍ന്ന് ഉടമ പഞ്ചായത്ത് അംഗം സുഭാഷ് കടയ്‌ക്കോട്ടിനെ വിവരം അറിയിക്കുകയും വെറ്ററിനറി ഡോക്ടര്‍ ഉള്‍പ്പെടെയുള്ള സംഘം എത്തി പശുവിനെ പരിശോധിക്കുകയുമായിരുന്നു. പരിശോധനയില്‍ പേവിഷബാധയുടെ ലക്ഷണമുണെ്ടന്നു വ്യക്തമായി.

തുടര്‍ന്ന് പോത്താനിക്കാട് എസ്‌ഐ പ്രിന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പശുവിനെ വെടിവച്ചുകൊന്നു. പശുവിന്റെ മൂക്കില്‍ കടിയേറ്റതിനാല്‍ തലച്ചോറിലേക്കു പെട്ടെന്നു രോഗാണുക്കള്‍ പ്രവേശിക്കാനുള്ള സാധ്യതയുണെ്ടന്നും ഇതാകാം പേവിഷബാധയുടെ ലക്ഷണങ്ങള്‍ വേഗത്തില്‍ പ്രകടമായതെന്നും ഡോക്ടര്‍ പറഞ്ഞു. രോഗം പശുവിന്റെ അവയവങ്ങളുടെ സാമ്പിള്‍ ശേഖരിച്ചു മണ്ണുത്തി വെറ്ററിനറി കോളജിലേക്ക് അയച്ചു.

രണ്ടാഴ്ച മുമ്പ് പശുവിനെ കടിച്ച നായ രണ്ട് ആംഗന്‍വാടി വിദ്യാര്‍ഥികളടക്കം അഞ്ചു പേരെയും രണ്ട് ആടിനെയും മറ്റൊരു പശുവിനെയും കടിച്ചുപരിക്കേല്‍പ്പിച്ചിരുന്നു. എന്നാല്‍ ആക്രമണം നടത്തിയ നായയെ ഇതുവരെ കണെ്ടത്താനായിട്ടില്ല. തെരുവുനായ കടിച്ച പശുവിനു പേയിളകിയെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്.