ജര്‍മനിയിലെ ഏറ്റവും പഴയതും ലോകപ്രശസ്തവുമായ ട്യൂബിങ്കന്‍ സര്‍വകലാശാലയില്‍ മലയാള പഠനവും ഗവേഷണവും ആരംഭിക്കുന്നു

single-img
1 August 2015

tuebingen01

ഇനി ജര്‍മനിയിലും മലയാളം മുഴങ്ങും. ജര്‍മനിയിലെ ഏറ്റവും പഴയതും പേരുകേട്ടതുമായ ട്യൂബിങ്കന്‍ സര്‍വകലാശാലയിലെ ‘ഏഷ്യന്‍ ആന്‍ഡ് ഓറിയന്റല്‍ സ്റ്റഡീസി’ന്റെ കീഴില്‍ ഒക്ടോബര്‍ 9നാണ് മലയാളം കോഴ്‌സ് ആരംഭിക്കുന്നത്. അതോടെ മലയാള പഠനവും ഗവേഷണവും
ലോകശ്രദ്ധയിലേക്കെത്തും.

ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ സര്‍വകലാശാല വിദേശ സര്‍വകലാശാലയുമായി ചേര്‍ന്ന് ചെയര്‍ തുടങ്ങുന്നത്. യു.ജി.സി.യുടെ സഹകരണത്തോടെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയും ട്യൂബിങ്കനിലെ എബെഹാര്‍ഡ് കാള്‍സ് സര്‍വകലാശാലയും സംയുക്തമായി തുടങ്ങിയ ഗണ്ടര്‍ട്ട് ചെയറിന്റെ കീഴിലാണ് മലയാള ഭാഷാ പഠനം നടക്കുന്നത്.

ചെയര്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാറും ട്യൂബിങ്കന്‍ സര്‍വകലാശാല വൈസ് ചാന്‍സലറും ഒപ്പുവെച്ചുകഴിഞ്ഞു. ഇവിടുത്തെ മലയാളം ക്ഌസുകള്‍ മലയാളം സര്‍വകലാശാലയിലെ അധ്യാപകരാണ് കൈകാര്യം ചെയ്യുന്നത്. കേരളത്തിന്റെ സംസ്‌കാരത്തെയും മലയാള ഭാഷയെയുംകുറിച്ച് രണ്ടു ദിവസത്തെ സിമ്പോസിയവും ക്ലാസുകള്‍ ആരംഭിക്കുന്നതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

മലയാളഭാഷയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പഠിച്ച സര്‍വകലാശാലയാണ് 1477ല്‍ സ്ഥാപിതമായ ട്യൂബിങ്കന്‍. ഗുണ്ടര്‍ട്ട് തന്റെ പുസ്തകങ്ങളും രേഖകളും ഈ സര്‍വകലാശാലയുടെ ലൈബ്രറിക്കാണ് കൈമാറിയിരുന്നത്.