തന്നെ മര്‍ദ്ദിച്ചുവെന്ന പേരില്‍ യുവാക്കളെ കള്ളക്കേസില്‍ കുടുക്കി റിമാന്‍ഡ് ചെയ്യിക്കാന്‍ പോലീസുകാരന്‍ ഗുരുതരമായ പരിക്ക് അഭിനയിച്ചു

single-img
22 July 2015

11743609_904919789572295_1300766558_o

പോലീസുകാരെ മര്‍ദ്ദിച്ചെന്ന കള്ളക്കേസില്‍ യുവാക്കളെ കുടുക്കാന്‍ സിവില്‍ പോലീസിന്റെ അസാധ്യ അഭിനയം. മര്‍ദ്ദിച്ചു കൈ ഒടിച്ചുവെന്ന പേരില്‍ യുവാക്കളെ റിമാന്റ് ചെയ്യിക്കാന്‍ കയ്യില്‍ പ്ലാസ്റ്ററുമായി ആശുപത്രിയില്‍ കിടന്ന പോലീസുകാരന്‍ വൈകുന്നേരം തന്റെ ഒരു പരിക്കുമില്ലാത്ത കൈയുമായി കൊല്ലം കടയ്ക്കല്‍ ടൗണില്‍ എത്തുകയും ബൈക്ക് ഉള്‍പ്പെടെയുള്ളവ ഓടിക്കുകയും ചെയ്തു.പരുക്കേറ്റ പൊലീസുകാരന്‍ സന്തോഷിന്‍റെ ചിത്രം ഇന്നലത്തെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.കൈ ഒടിഞ്ഞ് പ്ലാസറ്റര്‍ ഇട്ടിരിക്കുന്ന തരത്തിലായിരുന്നു ഇന്നലെ കയ്യിലെ കെട്ട്.

ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ ചിതറ എസ്‌റ്റേറ്റില്‍ അവധി ആഘോഷിക്കാനെത്തിയപ്പോള്‍ മദ്യപിച്ച് തങ്ങളെ ആക്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് കടയ്ക്കല്‍ പോലീസ്
ചിതറ കോത്തല ബിനുഭവനില്‍ വിനുരാജ് (32), മടത്തറ തുമ്പമണ്‍തൊടി പള്ളിക്കിഴക്കതില്‍ ഹബീബ് (34), ചിതറ വേങ്കോട് വിശാഖത്തില്‍ മനോജ് (32), പാങ്ങലുകാട് എസ്.ആര്‍.ഭവനില്‍ രാജീവ് (32) എന്നിവരെ അറസ്റ്റ് ചെയ്തത്. യുവാക്കള്‍ മര്‍ദ്ദിച്ച് കൈ ഒടിച്ചുവെന്ന് പറഞ്ഞ് പ്ലാസ്റ്ററിട്ട കൈയുമായി ആശുപത്രിയില്‍ കിടക്കുന്ന സിവില്‍ പോലീസുകാരന്‍ സന്തോഷിന്റെ ചിത്രം സംഭവത്തിന്റെ പിറ്റേദിവസം പത്രങ്ങളില്‍ അച്ചടിച്ചു വരികയും ചെയ്തിരുന്നു.

എന്നാല്‍ വാര്‍ത്ത വന്നതിന്റെ അന്ന് വൈകുന്നേരമാണ് സന്തോഷ് കൈയുടെ പ്ലാസ്റ്ററൊക്കെ മാറ്റി ടൗണില്‍ പ്രത്യക്ഷപ്പെട്ടത്. ടൗണിലെ കടയിലെത്തിയ സന്തോഷ് മര്‍ദ്ദനത്തിന്റെ പേരില്‍ യുവാക്കളെ കസ്റ്റഡിയിലെടുത്ത കാര്യം പറയുന്നത് കേട്ടവര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. അതിഭീകരമായി ഒടിഞ്ഞ കൈയ് കൊണ്ട് ബൈക്ക് ഓടിച്ചാണ് സന്തോഷ് ടൗണിലെത്തിയതെന്നും ശ്രദ്ധേയമാണ്.

യുവാക്കളെ കള്ളക്കേസില്‍ കുടുക്കി റിമാന്റ് ചെയ്യിക്കാന്‍ പോലീസുകാരന്‍ ഗുരുതരമായ പരിക്ക് അഭിനയിച്ചതാണെന്നും ഇത്തരത്തിലുള്ള പോലീസുകാര്‍ മൂലം സാധാരണക്കാര്‍ക്ക് പോലീസില്‍ വിശ്വാസമില്ലാതായെന്നും കടയ്ക്കലിലെ പൊതു പ്രവര്‍ത്തകര്‍ പ്രതികരിച്ചു.