കോഴിക്കോട് നഗരത്തില്‍ അപകടം നിറഞ്ഞ കുഴികള്‍ കാരണം റോഡില്‍ വാഹനങ്ങളുടെ നിര കിേലാമീറ്ററുകളോളം നീണ്ടപ്പോള്‍ ആ കുഴികളടച്ച് പോലീസുകാര്‍

single-img
15 July 2015

Police

കോഴിക്കോട് നഗരത്തില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നായ മാങ്കാവ് മിനി ബൈപ്പാസിലെ കല്ലുത്താന്‍കടവ് ഭാഗത്ത് ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഇന്നലെ റോഡ്പണിക്കാരായി മാറി. ഇവിടെയുള്ള അപകടം നിറഞ്ഞ ഒരു കുഴികാരണം റോഡില്‍ വാഹനങ്ങളുടെ നിര കിേലാമീറ്ററുകളോളം നീളുമ്പോള്‍ പോലീസുകാര്‍ അധികൃതരോട് പരാതി പറഞ്ഞ് മടുത്തതോടെയാണ് അവര്‍ക്ക് തൊഴിലാളി വേഷം കെട്ടേണ്ടി വന്നത്.

കഴിഞ്ഞ ദിവസം റോഡിലെ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടിരുന്നു. മൂന്നര മണിക്കൂറായിട്ടും ഗതാഗതക്കുരുക്കഴിക്കാന്‍ കഴിയാതായതോടെ റോഡില്‍ ഡ്യൂട്ടിയിലുണ്ടായ ട്രാഫിക്ക് എസ്.ഐ. സഹദേവനും കോണ്‍സ്റ്റബിള്‍ റാം മോഹന്റായും ഒടുവില്‍ രംഗത്തിറങ്ങുകയായിരുന്നു.

ഇനിയാരോടും പരാതി പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ അവര്‍ അടുത്ത വീട്ടില്‍ നിന്നൊരു തൂമ്പയും പഴയ ബക്കറ്റും കുട്ടയും വാങ്ങി റോഡിനരികലേക്കിറങ്ങുകയായിരുന്നു. വാക്കി ടോക്കി അരയില്‍ തിരുകി തങ്ങളുടെ തൊപ്പിയും ഊരിവച്ച് യൂണിഫോമില്‍ തന്നെ റോഡരികിലെ മണ്ണ് കോരി അവിടുള്ള കുഴികളവര്‍ അടച്ചു തീര്‍ത്തു.

കാണാത്ത കാഴ്ച കണ്ടതിനാലാകണം ഇത് കണ്ട ഒരു ഓട്ടോക്കാരനും രണ്ട് നാട്ടുകാരും മണ്ണ് കോരാനും അത് കുഴിയില്‍ കൊണ്ടിടാനും അവര്‍ക്കൊപ്പം ചേര്‍ന്നു. അര മണിക്കൂര്‍ കൊണ്ട് അവര്‍ സമീപത്തെ കുഴിയൊക്കെ മണ്ണിട്ട് നികത്തി ഗതാഗതക്കുരുക്കിന് തങ്ങളാല്‍ കഴിയുന്ന പരിഹാരം ചെയ്താണ് അവര്‍ മടങ്ങിയത്.