രാജ്യത്തെ പാര്‍ലമെന്റ് മെമ്പര്‍മാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ

single-img
2 July 2015

Indian-Parliament-House-Delhiഇന്ത്യയില്‍ എംപിമാരുടെ ശമ്പളം ഇരട്ടിയതാകുന്നു. ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട സംയുക്ത പാര്‍ലമെന്ററി സമിതി എംപിമാരുടെ നിലവിലുള്ള ശമ്പളം നേരെ ഇരട്ടിയാക്കാന്‍ ശുപാര്‍ശ നല്‍കി. മാത്രമല്ല മുന്‍ എംപിമാര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ 75 ശതമാനം വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയും ിതിനോടപ്പം നല്‍കിയിട്ടുണ്ട്.

ഇതിന് മുന്‍പ് എംപിമാരുടെ ശമ്പളം വര്‍ധിപ്പിച്ചത് 2010ലാണെന്ന് ചുണ്ടിക്കാട്ടിയാണ് ശുപാര്‍ശ സംയുക്ത പാര്‍ലമെന്റ് സമിതി നല്‍കിയത്. സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് ശമ്പള കമ്മിഷനുള്ളതിന് സമാനമായി എംപിമാരുടെ ശമ്പളവും സ്ഥിരമായി പുതുക്കുന്നതിന് സംവിധാനമൊരുക്കാനും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എംപി യോഗി ആദിത്യനാഥ് തലവനായുള്ള പാര്‍ലമെന്റ് സമിതി നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ പാര്‍ലമെന്റ് സമ്മേളിക്കുന്ന ദിനങ്ങളില്‍ എംപിമാര്‍ക്ക് ലഭിക്കുന്ന ദിനബത്ത വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളുമുണ്ട്.

മുന്‍ എംപിമാരുടെ പെന്‍ഷന്‍ 35,000 രൂപയാക്കി വര്‍ധിപ്പിച്ച് അവര്‍ക്ക് സൗജന്യ വിമാനാ യാത്രാ ടിക്കറ്റ് നല്‍കുക, എംപിക്കും പങ്കാളിക്കും കൂടാതെ എം.പിമാരെ ട്രെയിന്‍ യാത്രാവേളകളില്‍ അനുഗമിക്കുന്നയാള്‍ക്ക് ഒന്നാം ക്ലാസ് എസി ടിക്കറ്റ് നല്‍കുകവിമാനയാത്രാക്കൂലിക്ക് പുറമെ തത്തുല്യമായ സംഖ്യ അലവന്‍സ് ഇനത്തിലും നല്‍കുക എന്നീ നിര്‍ദ്ദേശങ്ങളും ശുപാര്‍ശയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ ആരോഗ്യ പദ്ധതികളില്‍ നിന്നും എംപിമാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മക്കള്‍ക്കും കൊച്ചു മക്കള്‍ക്കും കൂടി ലഭ്യമാക്കുക, വിമാനത്താവളങ്ങളില്‍ എംപിമാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങി അറുപതിലധികം ശുപാര്‍ശകളാണ് ബിജെപി സര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുള്ളത്.

നിലവില്‍ 50,000 രൂപയാണ് എംപിമാരുടെ മാസ ശമ്പളം. എന്നാല്‍, വിവിധ ആനുകൂല്യങ്ങളടക്കം മാസാമാസം എംപിമാര്‍ക്ക് ലഭിക്കുന്ന തുക ഇതിന്റെ ഇരട്ടിയിലധികമാണെന്നുള്ളതാണ് വസ്തുത.