കഴിഞ്ഞ ആറുമാസത്തിനിടെ ഖത്തറില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച മൂവായിരത്തിലധികം കമ്പനികള്‍ അടച്ചുപൂട്ടി

single-img
24 June 2015

qatar-കഴിഞ്ഞ ആറുമാസത്തിനിടെ ഖത്തറില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച മൂവായിരത്തിലധികം കമ്പനികള്‍ അടച്ചുപൂട്ടിയതായി തൊഴില്‍ സാമൂഹ്യ മന്ത്രാലയം. ഈ വര്‍ഷം 807 കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ  നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുകയും ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്‍ക്കുകയും ചെയ്‍തതിനാണ് നടപടി. കഴിഞ്ഞ ആറു മാസത്തിനകം രാജ്യത്തെ 3,913 കമ്പനികള്‍ക്കാണ് തൊഴില്‍ സാമൂഹ്യ കാര്യ മന്ത്രാലയം നിരോധനം എര്‍പെടുത്തിയത്.

രാജ്യത്തു രജിസ്റ്റര്‍ ചെയ്‍തിരിക്കുന്ന ആകെ കമ്പനികളുടെ അഞ്ചു ശതമാനം വരുമിത്. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനികള്‍ക്ക് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനോ സര്‍ക്കാര്‍ കരാറുകള്‍ക്ക് അപേക്ഷിക്കാനോ കഴിയില്ല. തൊഴില്‍സംബന്ധമായ പരാതികളില്‍ ഈ വര്‍ഷം ആദ്യപകുതിയില്‍  മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 21% കുറവുള്ളതായി അധികൃതർ അറിയിച്ചു.

തൊഴിലാളികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുന്നതെന്നും  ഇതു നിലവിലുള്ള തൊഴിലാളികളെ ഒരുതരത്തിലും ദോഷകരമായി ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കൂടാതെ ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ മേല്‍നോട്ടത്തില്‍ വിവിധ വാണിജ്യബാങ്കുകളുമായി സഹകരിച്ച്  ഓഗസ്റ്റ് 18ഓടെ രാജ്യത്തെ മുഴുവന്‍ തൊഴിലാളികളുടെയും വേതനം ബാങ്ക് അക്കൗണ്ടുകള്‍ വഴിയായിരിക്കുമെന്നും തൊഴില്‍ ക്ഷേമ മന്ത്രാലയം ഡയറക്ടര്‍ അറിയിച്ചു.