മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ മദ്യലഹരിയില്‍ വാഹനപരിശോധന നടത്തിയ പോലീസുകാരെ എസ്.പി. പിടികൂടി; സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പോലീസുകാരനെ എസ്.ഐ. വീണ്ടും ഓടിച്ചിട്ടു പിടിച്ചു

single-img
8 June 2015

policecapമദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ മദ്യലഹരിയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസുകാരെ കൊല്ലം റൂറല്‍ എസ്.പി. എസ്.ശശികുമാര്‍ കൈയോടെ പിടികൂടി. വൈദ്യപരിശോധനയ്ക്കായി സ്‌റ്റേഷനില്‍ കൊണ്ടുവന്ന പോലീസുകാരന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്‌റ്റേഷന്‍ എസ്.ഐ ബെന്നിലാലു ഓടിച്ചിട്ട് പിടികൂടി. സംഭവശത്ത തുടര്‍ന്ന് രണ്ടു പോലീസുകാരെയും എസ്.പി. സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ശൂരനാട് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. ഗോപാലന്‍, പുത്തൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രമോദ് എന്നിവരെയാണ് മദ്യപിച്ച് ഡ്യുട്ടി ചെയ്തതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ബിയുടെ മിന്നല്‍ പരിശോധനയിലാണ് പോലീസുകാര്‍ പിടിയിലായത്. കഴിഞ്ഞദിവസം വൈകിട്ട് നാലരയോടെ എം.സി. റോഡില്‍ പനവേലിയില്‍ ഡി.ജി.പി.യുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ തന്റെ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ എസ്.പി. എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങളുടെ ആരംഭം. ഉദ്യോഗസ്ഥര്‍ യൂണിഫോമിലാണോ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നുണ്ടോ, രേഖകള്‍ കൃത്യമാണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാനാണ് എസ്. പി എത്തിയത്.

വാഹന വേഗത പരിശോധിക്കുന്ന ഇന്റര്‍സെപ്റ്ററിലുണ്ടായിരുന്ന രണ്ട് പോലീസുകാരും മദ്യലഹരിയിലാണെന്ന് മനസ്സിലാക്കിയ എസ്.പി രണ്ടുപേശരയും കൈയോടെ പിടികൂടി കൊട്ടാരക്കര സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പ്രതികളെ എസ്.ഐ. ബെന്നിലാലു മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുന്നതിനിടെയാണ് എ.എസ്.ഐ. ഗോപാലന്‍ പോലീസിന്റെ പിടിയില്‍ നിന്നും ഇറങ്ങിയോടിയത്. സ്റ്റേഷനില്‍നിന്നിറങ്ങി റോഡിലൂടെ ഓടിയ ഗോപാലനെ എസ്.ഐ. പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

വൈദ്യപരിശോധനയില്‍ ഇരുവരും മദ്യപിച്ചിരുന്നതായി തെളിഞ്ഞെങ്കിലും രക്തപരിശോധനയ്ക്ക് ഇവര്‍ വിസമ്മതിച്ചു. എന്നാല്‍ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്. പി രണ്ടുപേരെയും സസ്‌പെന്റ് ചെയ്യുകയായിരുന്നു.