നിതാഖാത്‌ ശക്‌തമാക്കുന്നതില്‍ പ്രതിഷേധിച്ച്‌ സൗദിയിലേക്ക്‌ ജോലിക്കാരെ അയയ്‌ക്കുന്നത്‌ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

single-img
4 June 2015

Saudiദമാം: നിതാഖാത്‌ ശക്‌തമാക്കുന്നതില്‍ പ്രതിഷേധിച്ച്‌ സൗദിയിലേക്ക്‌ ജോലിക്കാരെ അയയ്‌ക്കുന്നത്‌ ഇന്ത്യന്‍ റിക്രൂട്ട്‌മെന്റ്‌ സ്‌ഥാപനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. മൊത്തം വിദേശ കായികശേഷിയുടെ 25 ശതമാനം മാത്രം ഇറക്കുമതി ചെയ്‌താല്‍ മതിയെന്ന തീരുമാനത്തില്‍ പ്രതിഷേധിച്ചാണ്‌ നടപടി.

മന്ത്രാലയത്തിന്റെ നിബന്ധനകള്‍ സ്വീകാര്യമല്ലെന്ന്‌ കാണിച്ചാണ്‌ സൗദി ആഭ്യന്തര തൊഴില്‍മേഖലയിലെ എല്ലാ വിഭാഗത്തിലേക്കും ആളെ അയയ്‌ക്കുന്നതിന്‌ താല്‍ക്കാലികമായി നിരോധനം ഇന്ത്യ ഏര്‍പ്പെടുത്തി.

വീട്ടുജോലി ഉള്‍പ്പെടെയുള്ള ജോലിക്കായി നല്‍കുന്ന വിസയില്‍ 25 ശതമാനം സ്‌ത്രീകള്‍ക്കായി നിജപ്പെടുത്തണമെന്ന്‌ നേരത്തേ സൗദി എംബസി ഇന്ത്യയിലെ റിക്രൂട്ട്‌മെന്റ്‌ സ്‌ഥാപനങ്ങളെ അറിയിച്ചിരുന്നു. വീട്ടുജോലിക്ക്‌ പോലും പുരുഷന്മാരെ ധാരാളമായി കയറ്റിയയ്‌ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടി. നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിക്കാത്തവര്‍ക്ക്‌ വിസ അനുവദിക്കേണ്ട എന്ന കര്‍ശന നിര്‍ദേശം സൗദി കോണ്‍സുലേറ്റ്‌ നല്‍കിയിരുന്നു.

കൂടാതെ നാട്ടില്‍പോയി തിരികെയെത്താനുള്ള വിസയുടെ കാലാവധിക്കുള്ളില്‍ തിരിച്ചെത്താത്ത വിദേശികള്‍ക്ക്‌ മൂന്ന്‌ വര്‍ഷത്തേക്ക്‌ സൗദിയില്‍ പ്രവേശിക്കുന്നതിന്‌ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. റീ എന്‍ട്രി വിസയുടെ കാലാവധി പൂര്‍ത്തിയായ ദിനം മുതല്‍ ഇതാരംഭിക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം ഈ തീരുമാനവും അനേകം വിദേശികളെ ഞെട്ടിച്ചിട്ടുണ്ട്‌.