ദേഹം മൂടിയ മണ്ണിനും ഇളകി വീണ കോണ്‍ക്രീറ്റ് കട്ടകള്‍ക്കുമിടയില്‍ നിന്ന് 22 മണിക്കൂറുകള്‍ക്കു ശേഷം മരണത്തെ തോല്‍പ്പിച്ച് ആ നാലുമാസം പ്രായമുള്ള കുഞ്ഞിനെ സൈന്യം രക്ഷപ്പെടുത്തി

single-img
30 April 2015

Babyദേഹം മൂടിയ മണ്ണിനും ഇളകി വീണ കോണ്‍ക്രീറ്റ് കട്ടകള്‍ക്കുമിടയില്‍ നിന്ന് മരണത്തെ തോല്‍പ്പിച്ചാണ് ആ നാലുമാസം പ്രായമുള്ള കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നത്. അസാധ്യമായ ഒരു രക്ഷപ്പെടലോടെ അവന്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയായിരുന്നു.

കാഠ്മണ്ഡുവിലെ ഭക്താപുരില്‍ ഭൂകമ്പത്തില്‍ തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് 22 മണിക്കൂറിനു ശേഷം നാലു മാസമായ കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകരും സൈന്യവും ചേര്‍ന്നാണ് രക്ഷപെടുത്തിയത്. കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റുന്നതിനിടെയാണു കുഞ്ഞിന്റെ കരച്ചില്‍ രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെട്ടെങ്കിലും ആദ്യപരിശോധനയില്‍ ഒന്നും കണ്‌ടെത്താനായില്ല. വീണ്ടും കരച്ചില്‍ കേട്ടതിനെ തുടര്‍ന്നു സാവധാനം കോണ്‍ക്രീറ്റ് സ്ലാബുകളും കട്ടകളും മാറ്റി തെരച്ചില്‍ നടത്തിയപ്പോഴാണ് ഭ്രൂണാവസ്ഥയില്‍ തറയില്‍ ചുരുണ്ടുകൂടികിടക്കുന്ന ആ കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്.

പിന്നൊട്ടും താമസിക്കാതെ ഒടുവില്‍ കല്ലുംമണ്ണും മൂടിയ നിലയില്‍ ചുരുണ്ടുകൂടിക്കിടക്കുന്ന ആ കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. കുട്ടിയുടെ മുഖം മണ്ണിനു പുറത്ത് ഉണ്ടായിരുന്നതാണു രക്ഷപെടാന്‍ കാരണമായതെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

മരണത്തെ തോല്‍പ്പിച്ചു ജീവിതത്തിലേക്കു മടങ്ങിയെത്തിയ ആ കുട്ടിയുടെ പേര് സോണിത് അവാള്‍ എന്നാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. കുട്ടിക്ക് ആന്തരിക ക്ഷതങ്ങളൊന്നുമില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ഭൂകമ്പത്തില്‍ മരിച്ചതായാണു കരുതപ്പെടുന്നത്.