റയല്‍ മഡ്രിഡും യുവന്‍റസും ചാമ്പ്യന്‍സ് ലീഗിന്‍െറ സെമിയിൽ പ്രവേശിച്ചു

single-img
23 April 2015

footballമഡ്രിഡ്: റയല്‍ മഡ്രിഡും യുവന്‍റസും ചാമ്പ്യന്‍സ് ലീഗിന്‍െറ സെമിയിൽ പ്രവേശിച്ചു. സ്വന്തം തട്ടകമായ സാന്‍റിയാഗോ ബെര്‍ണബ്യുവില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ ഗോളിലാണ് റയലിന്‍െറ വിജയം. മൊണോക്കോ-യുവന്‍റസ് രണ്ടാം പാദ മല്‍സരം സമനിലയായതോടെ ആദ്യ പാദത്തിലെ ഏക ഗോള്‍ വിജയത്തിന്‍െറ പിന്‍ബലത്തിലാണ് യുവന്‍റസ് അവസാന നാലിലേക്ക് പ്രവേശിച്ചത്. ബാഴ്സലോണയും ബയേണ്‍ മ്യൂണിക്കും നേരത്തെ തന്നെ സെമിയില്‍ കടന്നിരുന്നു.

സാന്‍റിയാഗോ ബെര്‍ണബ്യുവിൽ നടന്ന മത്സരത്തിൽ 88-ാം മിനിറ്റിലാണ് ജാവിയര്‍ ഹെര്‍ണാണ്ടസിന്‍െറ ബൂട്ടില്‍ നിന്നും വിജയ ഗോള്‍ പിറന്നത്. പരുക്കിന്‍റെ പിടിയിലകപ്പെട്ട ഗാരത് ബെയ്ല്‍, കരീം ബെന്‍സേമ, സസ്പെന്‍ഷനിലുള്ള മാഴ്സലോ എന്നിവരെ പുറത്തിരുത്തിയാണ് ക്രിസ്റ്റ്യാനോയും സംഘവും കളത്തിലിറങ്ങിയത്. 88ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നല്‍കിയ കിറു കൃത്യതയാര്‍ന്ന പാസ് വലയിലത്തെിച്ചാണ് ജാവിയര്‍ ഹെര്‍ണാണ്ടസ് നഗരവൈരികളെ തോല്‍പിച്ചത്. നിലവിലെ ജേതാക്കളായ റയലിന്‍െറ തുടര്‍ച്ചയായ അഞ്ചാം ചാമ്പ്യന്‍സ് ലീഗ് സെമി പ്രവേശനമാണിത്.

മൊണോക്കോ-യുവന്‍റസ് രണ്ടാം പാദ മത്സരം ഗോള്‍ രഹിതമായിരുന്നെങ്കിലും ആവേശത്തിനൊട്ടും കുറവുണ്ടായിരുന്നില്ല. 12 വര്‍ഷത്തിനു ശേഷമാണ് യുവന്‍റസ് ചാംപ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിക്കുന്നത്.