ഇറാൻ-അമേരിക്ക ആണവ കരാറിന് ധാരണയായി; എതിർപ്പുമായി ഇസ്രായേൽ

single-img
4 April 2015

iranലോസണ്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ഇറാന്റെ ആണവനയം സംബന്ധിച്ച രൂപരേഖയിന്മേല്‍ ധാരണയിലെത്തി. ഇറാനും ആറ് ലോകരാജ്യങ്ങളും ചേർന്ന് നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഇറാന്റെ ആണവപദ്ധതികള്‍ക്ക് നിയന്ത്രണംകൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ള രൂപരേഖയാണിത്. കൂടുതല്‍ വ്യക്തമായ രൂപരേഖ ജൂണ്‍ മുപ്പതിനകം കൊണ്ടുവരും.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ലോസണില്‍ നടന്ന എട്ടുദിവസത്തെ ചര്‍ച്ചകളിൽ അമേരിക്ക, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.  ധാരണപ്രകാരം ഇറാന്‍ അവരുടെ ആണവപദ്ധതികള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കും. പകരം ഇറാന്റെമേലുള്ള നിരോധനങ്ങള്‍ ലോകരാജ്യങ്ങള്‍ പിൻവലിക്കും.

യു.എന്‍. ആണവ ഏജന്‍സി പരിശോധനയിലൂടെ ധാരണയിലെ നിബന്ധനകള്‍ ഇറാന്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതോടെ ഇത് പ്രാബല്യത്തില്‍ വരും. ആണവപദ്ധതികള്‍ സംബന്ധിച്ച് ഇറാനും അമേരിക്കയുമുള്‍പ്പെട്ട വന്‍ശക്തികളും തമ്മില്‍ 12 വര്‍ഷമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് ഇതോടെ വിരാമമായി.

ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം 15 വര്‍ഷത്തിനുള്ളില്‍ 98 ശതമാനവും കുറയ്ക്കണം. പണി പൂര്‍ത്തിയാകാത്ത അരാക് റിയാക്ടറില്‍ ആയുധങ്ങളോ ഗ്രേഡ് പ്ലൂട്ടോണിയമോ നിര്‍മ്മിക്കരുത്. കൂടുതല്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തരുത്. ആണവോര്‍ജ നിര്‍മ്മാണത്തിനുള്ള ഇന്ധനം നിര്‍മ്മിക്കുന്ന യന്ത്രങ്ങളുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കണം. ഇതൊക്കെയാണ് നിബന്ധനകൾ.

ധാരണ പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര എണ്ണവിലയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി. എണ്ണവില ന്യൂയോര്‍ക്കില്‍ 49.14 ഡോളറിലേക്കാണ് ഇടിഞ്ഞത്. ധാരണ പ്രഖ്യാപിച്ചശേഷം ഇറാനില്‍ ജനങ്ങള്‍ തെരുവില്‍ ആഹ്ലാദപ്രകടനം നടത്തി. ധാരണയെ ഒട്ടുമിക്ക വിദേശരാജ്യങ്ങളും നേതാക്കളും അഭിനന്ദിച്ചപ്പോള്‍ ഇസ്രായേല്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. ധാരണയെ ഇന്ത്യയും സ്വാഗതം ചെയ്തു. സമാധാനപരമായി പ്രശ്‌നം പരിഹരിക്കണമെന്നായിരുന്നു എക്കാലവും ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.