ഗോവയില്‍ രണ്ടു മന്ത്രിമാരും നാല് ബി.ജെ.പി എം.എല്‍.എമാരുംകൂടി രണ്ടുവര്‍ഷം ലോകം ചുറ്റിയ ചെലവ് 6.20 കോടി രൂപ

single-img
3 April 2015

bigstockphoto_Aeroplane_897740കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 20 രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഗോവയിലെ രണ്ടു മന്ത്രിമാരും നാലു ബിജെപി എംഎല്‍എമാരും ചെലവാക്കിയത് 6.20 കോടി രൂപ. സംസ്ഥാനത്തേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിച്ച പരിപാടികളില്‍ സംബന്ധിക്കാന്‍ പോയ ടൂറിസം മന്ത്രി ദിലീപ് പരുലേക്കറും വ്യവസായ മന്ത്രി മഹാദേവ് നായിക്കുമാണ് ചെലവില്‍ മുമ്പന്‍മാര്‍. ഇതില്‍ ടുറിസം വകുപ്പ് മന്ത്രിയുടേതാണ് 3.36 കോടി രൂപയും.

ഈ മന്ത്രിമാരുടെ കൂട്ടത്തില്‍ സര്‍ക്കാര്‍ ചെലവില്‍ വിദേശ യാത്രകള്‍ നടത്തിയവരില്‍ ഡപ്യൂട്ടി സ്പീക്കര്‍ അനന്ത് ഷേത്, എംഎല്‍എമാരായ ഗണേഷ് ഗാവോങ്കര്‍, സുഭാഷ് ഫല്‍ദേശായി, ഗോവ ടൂറിസം കോര്‍പറേഷന്‍ ചെയര്‍മാന്‍ നിലേഷ് കബ്രാല്‍ എന്നിവരും ഉള്‍പ്പെടുന്നു. പരുലേക്കര്‍ ദുബായ്, ബ്രിട്ടന്‍, യുഎസ്, തുര്‍ക്കി എന്നിവിടങ്ങളില്‍ പോയതിന്റെ ബില്ലുകള്‍ മാത്രമാണ് ഇതുവരെ സമര്‍പ്പിച്ചിട്ടുള്ളത്. നെതര്‍ലന്‍ഡ്‌സില്‍ പോയതിന്റെ ബില്ലുകള്‍ ഇതഒവരയ്ക്കും സമര്‍പ്പിച്ചിട്ടില്ല.

2012നു ശേഷം വിനോദ സഞ്ചാരികളുടെ വരവ് 30% കൂടിയിട്ടുണ്ടെന്നും അതിനുവേണ്ടിയായിരുന്നു കേന്ദ്രത്തില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങി ടൂറിസം വികസനത്തിനായി വിദേശയാത്രകള്‍ നടത്തിയെന്നുമാണ് ഭരണപക്ഷത്തിന്റെ വാദം.