ട്രെയിനില്‍ തൊട്ടടുത്തിരുന്ന യാത്രചെയ്ത കുട്ടി ഛര്‍ദ്ദിച്ചത് വസ്ത്രത്തില്‍ പുരണ്ടു; കഴുകാന്‍ നോക്കിയപ്പോള്‍ ട്രെയിനില്‍ വെള്ളമില്ല: പരാതിക്കാരന് 10000 രൂപയും ചെലവും നല്‍കാന്‍ ഉപഭോക്തൃകോടതി വിധി

single-img
25 March 2015

Train

ട്രെയിനില്‍ വെള്ളമില്ലാത്തതുകൊണ്ട് തൊട്ടടുത്തിരുന്ന യാത്രചെയ്ത കുട്ടി ഛര്‍ദ്ദിച്ച മാലിന്യവുമായി യാത്രചെയ്ത ട്രെയിന്‍ യാത്രക്കാരന് 10000 രൂപയും ചെലവും നല്‍കാന്‍ ഉപഭോക്തൃകോടതി വിധി. മേലൂര്‍ ശാന്തിപുരം സ്വദേശി പ്രിന്‍സ് തെക്കന്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് സതേണ്‍ റെയില്‍വേയുടെ ചാലക്കുടി സ്റ്റേഷന്‍ മാനേജര്‍ക്കും എറണാകുളം ഏരിയ മാനേജര്‍ക്കുമെതിരേ ഉപഭോക്തൃകോടതി വിധിയായത്.

പാലക്കാട്ടുനിന്നും ചാലക്കുടിയിലേക്കുള്ള മെമു യാത്രയ്ക്കിടെ ഒറ്റപ്പാലം സ്റ്റേഷനെത്തുന്നതിനുമുമ്പ് എതിര്‍വശത്തിരുന്ന കുട്ടി ഛര്‍ദിക്കുകയും അതുമുഴുവന്‍ പ്രിന്‍സിന്റെ കൈയിലും പാന്റ്‌സിലും ഷൂസിലും വീഴുകയുമായിരുന്നു. എന്നാല്‍ ഇത് കഴുകാനായി വാഷ് ബേസിനില്‍ വെള്ളമുണ്ടായില്ല. ആ കംപാര്‍ട്ടുമെന്റില്‍ മാത്രമല്ല, ഇതര കംപാര്‍ട്ടുമെന്റുകളിലും ഇതായിരുന്നു സ്ഥിതി.

ഇതിനെതുടര്‍ന്ന് ഛര്‍ദിലിന്റെ അവശിഷ്ടങ്ങളുമായി ഹര്‍ജിക്കാരനു ചാലക്കുടിവരെ യാത്രചെയ്യേണ്ടി വരികയും ചെയ്തു. തെളിവുകള്‍ പരിഗണിച്ച തൃശൂര്‍ ഉപഭോക്തൃകോടതി പ്രസിഡന്റ് പി.കെ. ശശി, മെമ്പര്‍മാരായ വി.വി. ഷീന, എം.പി. ചന്ദ്രകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് സേവനത്തിലെ വീഴ്ചയ്ക്കു നഷ്്ടപരിഹാരമായി 10,000 രൂപയും ചെലവിലേക്ക് 2500 രൂപയും ഹര്‍ജിക്കാരനു നല്കാന്‍ ഉത്തരവിടുകയായിരുന്നു.