സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരായ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ നേരത്തെ എഴുതി നല്‍കിയ ആരോപണങ്ങളിലൊന്നും തെളിവ് നല്‍കിയില്ല

single-img
6 March 2015

Surendran

മുഖ്യമന്ത്രിയുമായി അടുപ്പമുള്ള ആളുകളെ സരിത എസ്. നായര്‍ ഡല്‍ഹിയിലും തിരുവനന്തപുരത്തും താമസിച്ചു ബന്ധപ്പെട്ടു, സരിത ജുഡീഷ്യറിയെ സ്വാധീനിച്ചു തുടങ്ങി ഏഴ് ആരോപണങ്ങള്‍ സോളര്‍ കമ്മിഷനു നേരത്തെ എഴുതി നല്‍കിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേസില്‍ കക്ഷിയുമായ കെ. സുരേന്ദ്രന്‍ ഇന്നലെ കമ്മീഷന് മുന്നില്‍ ഹാജരായപ്പോള്‍ ഇതു സംബന്ധിച്ചു പുതിയ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയില്ല.

എഴുതി നല്‍കിയ ആരോപണങ്ങളില്‍ ഉറപ്പില്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ പിന്‍മാറുന്നതെന്നു വേണം ഇതില്‍നിന്നു മനസ്സിലാക്കാനെന്ന വിമര്‍ശനവും കമ്മിഷന്റെ ഭാഗത്തു നിന്നുണ്ടായി. മന്ത്രി കെ. ബാബു, ബെന്നി ബഹനാന്‍ എംഎല്‍എ, ഷാഫി മേത്തര്‍ എന്നിവര്‍ തന്റെ ചില പരാമര്‍ശങ്ങളുടെ പേരില്‍ വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ടെന്നും അക്കാര്യത്തില്‍ തീര്‍പ്പാകാത്തതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും സുരേന്ദ്രന്‍ കമ്മീഷനോട് പറഞ്ഞു.

പക്ഷേ എഴുതിനല്‍കിയതില്‍ ഇവരെ സംബന്ധിച്ച ആരോപണങ്ങളൊന്നും ഇല്ലെന്നു കമ്മിഷന്‍ നിരീക്ഷിച്ചു. അന്വേഷണ വിഷയത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചതുകൊണ്ടും വിശദമായ തെളിവുകള്‍ ഹാജരാക്കാമെന്ന് അറിയിച്ചതുകൊണ്ടുമാണു സുരേന്ദ്രനെ കേസില്‍ കക്ഷിയാക്കിയതെന്നും കമ്മിഷന്‍ പറഞ്ഞു.

സോളര്‍ തട്ടിപ്പ് ആദ്യം അന്വേഷിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ പണം വാങ്ങിയെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ സരിത സന്ദര്‍ശനം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘം നശിപ്പിച്ചെന്നും സുരേന്ദ്രന്‍ പറഞ്ഞു.