മാതാവിനോടൊപ്പം ബഹ്റിനിലേക്ക് യാത്ര തിരിച്ച ഒന്നരവയസുകാരി വിമാനയാത്രയ്‌ക്കിടെ മരിച്ചു

single-img
3 March 2015

baby died in planeഅബുദാബി: മാതാവിനോടൊപ്പം ബഹ്റിനിലേക്ക് യാത്ര തിരിച്ച ഒന്നരവയസുകാരി വിമാനയാത്രയ്‌ക്കിടെ മരിച്ചു. തൃശ്ശൂര്‍ സ്വദേശികളായ ബിനോയി-അശ്വിനി ദമ്പതികളുടെ മകള്‍ ഋഷിപ്രിയയാണു മരിച്ചത്‌. ബഹ്‌റൈനിലേക്കു പോയിരുന്ന ഗള്‍ഫ്‌ എയറിന്റെ വിമാനം സംഭവത്തെത്തുടര്‍ന്ന്‌ അടിയന്തരമായി അബുദബിയില്‍ ഇറക്കി. അബുദാബിയില്‍ എത്തിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിയ്ക്കാനായില്ല. പിന്നീട് ഏറെ വൈകി രാവിലെ പത്ത് മണിയോടെയാണ് വിമാനം ബഹ്റിനില്‍ എത്തിയത്.

തിങ്കളാഴ്‌ച രാവിലെയാണ്‌ കുട്ടിയുമായി അശ്വിനി ബഹ്‌റൈനിലുള്ള ഭര്‍ത്താവ്‌ ബിനോയുടെ അടുത്തേക്ക്‌ പുറപ്പെട്ടത്‌. പത്തുവര്‍ഷമായി ബഹ്‌റൈനിലെ സ്വകാര്യ കണ്‍സ്‌ട്രക്‌ഷന്‍ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുകയാണ്‌ ബിനോയ്‌.  പ്രസവശേഷം കുട്ടിയ്ക്ക് ഹൃദയ സംബന്ധമായ അസുഖം കണ്ടെത്തിയിരുന്നു.

കുട്ടിയുടെ ഹൃദയസംബന്ധമായ രോഗത്തിനുള്ള ചികിത്സ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ്‌ നടത്തിയിരുന്നു.  കഴിഞ്ഞ ദിവസം പരിശോധനയ്‌ക്കായി ആശുപത്രിയെ സമീപിച്ചപ്പോള്‍ കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും വിമാനയാത്ര നടത്തുന്നതില്‍ കുഴപ്പമില്ലെന്നും ചികിത്സിച്ച ഡോക്‌ടര്‍മാര്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ്‌ അശ്വിനി കുഞ്ഞുമായി ബിനോയിയുടെ അടുത്തേക്കു പുറപ്പെട്ടത്‌.