കുഴിയില്ലാത്ത റോഡില്‍ കുഴിയടയ്ക്കാനെന്ന പേരില്‍ 20 ലക്ഷം രൂപയുടെ കാട്ടിക്കൂട്ടല്‍ അറ്റക്കുറ്റപ്പണി നടത്താനെത്തിയ കരാറുകാരെയും ഉദ്യോഗസ്ഥരേയും നാട്ടുകാര്‍ തടഞ്ഞു

single-img
20 February 2015

Road
കുഴിയില്ലാത്ത റോഡില്‍ കുഴിയടയ്ക്കാനെന്ന പേരില്‍ 20 ലക്ഷം രൂപയുടെ കാട്ടിക്കൂട്ടല്‍ അറ്റക്കുറ്റപ്പണി നടത്താനെത്തിയ കരാറുകാരെയും ഉദ്യോഗസ്ഥരേയും നാട്ടുകാര്‍ തടഞ്ഞു. കൂത്താട്ടുകുളംനടക്കാവ് ദേശീയപാത നിലവാരത്തിലുള്ള റോഡിന്റെ ഒലിയപ്പുറം മുതല്‍ കാക്കൂര്‍ പാലച്ചുവടുവരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണിയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞത്.

കാക്കൂര്‍ മുതല്‍ പാലച്ചുവടു വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണി തുടങ്ങി ഒരു ദിവസം പിന്നിട്ടപ്പോഴാണ് ഇടപാടിലെ കള്ളക്കളികള്‍ നാട്ടുകാര്‍ അറിഞ്ഞത്. 20 ലക്ഷം രൂപയാണ് ഇതിനായി ആദ്യഘട്ടം അനുവദിച്ചിട്ടുള്ളത്. ഇതുവരെ യാതൊരു തകരാറുകളും സംഭവിക്കാത്ത റോഡിന്റെ ഒരു ഭാഗം മാത്രം കാല്‍ ഇഞ്ച് മെറ്റല്‍ നിരത്തി പേരിന് മാത്രം പണി ചെയ്തപ്പോഴാണ് നാട്ടുകാര്‍ക്ക് തട്ടിപ്പ് മനസ്സിലായത്.

റോഡിലെ മെറ്റല്‍ വാഹനങ്ങള്‍ കയറിയതോടെ ഇളകിത്തെറിച്ച് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടതോടെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിത്തുടങ്ങി. കാല്‍നടയാത്രക്കാര്‍ മെറ്റല്‍ തെറിച്ച് ശരീരത്ത് കൊണ്ട് അപകടമുണ്ടാകുകയും, അറ്റക്കുറ്റപ്പണികള്‍ ആവശ്യമില്ലാത്ത റോഡില്‍ ടാറിംഗ് നടത്തിയതോടെ റോഡ് ഉയര്‍ന്നും താഴ്ന്നും വികൃതരൂപം പ്രാപിക്കുകയും ചെയ്തു. ഇതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.