ഇറാഖി ക്രിസ്‌ത്യാനികള്‍ ഐസിസിനെ നേരിടാൻ സൈന്യത്തെ രൂപീകരിച്ചു

single-img
6 February 2015

crossബാഗ്‌ദാദ്‌: ഇറാഖിലെ ന്യൂനപക്ഷ ക്രിസ്‌ത്യാനികള്‍ ഐസിസിനെ പ്രതിരോധിക്കാന്‍ സ്വന്തം സൈന്യത്തെ രൂപീകരിച്ചു. നാടും വീടും പിടിച്ചെടുത്ത് കൊടും ക്രൂരത കാണിക്കുന്ന ഐസിസിനെ കര്‍ശനമായി പ്രതിരോധിക്കാനും തിരിച്ചടിക്കാനുമായി അസീറിയക്കാരും യസീദികളും ഉള്‍പ്പെട്ട 4000 പേര്‍ അടങ്ങുന്ന സൈന്യത്തെയാണ്‌ സജ്‌ജമാക്കുന്നത്‌.

അസീറിയന്‍ ചരിത്രപ്രാധാന്യമുള്ള വടക്കുപടിഞ്ഞാറന്‍ ഇറാഖിലെ പ്രധാനമേഖലകളില്‍ ഒന്നായ നിനേവേ പ്‌ളെയിന്‍സ്‌ കേന്ദ്രീകരിച്ച്‌ ‘നിനേവേ പ്‌ളെയിന്‍സ്‌ പ്രൊട്ടക്ഷന്‍ യൂണിറ്റ്‌’ എന്ന സൈന്യത്തെയാണ്‌ രൂപവല്‍ക്കരിച്ചിരിക്കുന്നത്‌. നിനേവേ പ്‌ളെയിനിൽ 500 ലധികം അസീറിയക്കാര്‍ പോരാടാന്‍ തയ്യാറായി നില്‍ക്കുകയാണ്‌. മറ്റൊരു 500 പേര്‍ പരിശീലനം നേടിക്കൊണ്ടിരിക്കുകയും 3000 പേര്‍ സേനയിലേക്ക്‌ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്‌തിരിക്കുകയാണ്‌.

ഇറാഖിലെ പ്രാചീനവംശജര്‍ എന്ന്‌ ചരിത്രം പരാമര്‍ശിക്കുന്ന അസീറിയക്കാര്‍ ഐസിസിന്റെ അതേ പാഠങ്ങള്‍ പരിശീലിച്ച്‌ തിരിച്ചടിക്കാനാണ് തയ്യാറെടുത്തിരിക്കുന്നത്‌.

ഐഎസിനെതിരേയുള്ള പോരാട്ടത്തില്‍ ഇറാഖിസേനയ്‌ക്കും കുര്‍ദ്ദുകള്‍ക്കും ഒപ്പം നില്‍ക്കുന്ന സേന പക്ഷേ സ്വന്തം തീരുമാനങ്ങളാകും നടപ്പിലാക്കുക.  അമേരിക്ക, ഓസ്‌ട്രേലിയ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അസീറിയന്‍ വംശജരാണ്‌ സൈന്യത്തിന്‌ വേണ്ടുന്ന ഫണ്ട്‌ നല്‍കുന്നത്‌.