ട്രയിന്‍ യാത്രക്കാര്‍ക്ക് ഇനി ടിക്കറ്റിനൊപ്പം ഭക്ഷണവും ബുക്ക്‌ചെയ്യാം

single-img
21 January 2015

Trainട്രെയിന്‍ യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം ഇനി ഭക്ഷണവും ബുക്ക് ചെയ്യാം. ഈ പദ്ധതിയുടെ തുടക്കമെന്ന നിലയ്ക്ക് അന്‍പത് ട്രെയിനുകളിലാണ് അടുത്തയാഴ്ച മുതല്‍ ഈ സൗകര്യം ലഭ്യമാക്കുക. റെയില്‍വേ ഈ ആവശ്യത്തിനായി മൂന്ന് ഫാസ്റ്റ് ഫുഡ് ഔട്ടലെറ്റുകളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.

ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് സൈറ്റില്‍ നല്‍കിയിരിക്കുന്ന മെനുവില്‍ നിന്നും അവര്‍ക്കിഷ്ടമുള്ള ഭക്ഷണം മൂന്ന് ഔട്ട്‌ലെറ്റുകളില്‍ എവിടെ നിന്നാണ് വേണ്ടതെന്നും അത് ഏത് സ്‌റ്റേഷനില്‍ ലഭിക്കണമെന്നും കാണിച്ച് ബുക്ക് ചെയ്യാം. ആദ്യപടിയായി പാന്‍ട്രി കാറുകളില്ലാത്ത അന്‍പത് ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുന്നത്.

ജന്‍ശതാബ്ദി, ഗരീബ് രഥ്, ജനത, ഇന്റര്‍സിറ്റി കാറ്റഗറിയിലുള്ള ട്രെയിനുകള്‍ എന്നിവയില്‍ തുടക്കത്തില്‍ ഈ സൗകര്യം ലഭ്യമാകും. വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക്, പിന്നീട് ടിക്കറ്റ് ഉറപ്പായില്ലെങ്കില്‍ ഭക്ഷണത്തിനായി അടച്ച തുക ടിക്കറ്റിന്റെ പണത്തിനൊപ്പം തിരിച്ചു നല്‍കുന്നതാണെന്നും ഐ.ആര്‍.സി. ടി.സി പറഞ്ഞു.