തിരിച്ചറിയല്‍ കാര്‍ഡിലെ പ്രേതരൂപങ്ങള്‍ക്ക് ഇനി വിട; ഇത്തവണ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തവര്‍ക്ക് ലഭിക്കുന്നത് കളര്‍ഫോട്ടോയുമായി ബഹുവര്‍ണ്ണ പ്ലാസ്റ്റിക് തിരിച്ചറിയല്‍കാര്‍ഡ്

single-img
17 January 2015

eeeleഎത്ര സുന്ദരനായിരുന്നാലും തെരഞ്ഞെടുപ്പ് കാര്‍ഡിലെ ഫോട്ടോ കണ്ടാല്‍ ‘പെറ്റ തള്ള പോലും സഹിക്കില്ല’. ആ ഒരു വിഷമത്തിന് പരിഹാരമാകുകയാണ്. സമ്മതിദായകന്റെ കളര്‍ ഫോട്ടോയുമായി ബഹുവര്‍ണ പ്ലാസ്റ്റിക് തിരിച്ചറിയല്‍ കാര്‍ഡ് ഈ വര്‍ഷത്തെ വോട്ടേഴ്‌സ് ദിനത്തില്‍ കേരളത്തില്‍ വിതരണം ചെയ്ത് തുടങ്ങും.

വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇത്തവണ പേരു ചേര്‍ത്തവര്‍ക്കു പുതിയ തരം കാര്‍ഡാണു ഇനി ലഭിക്കുന്നത്. ഗുണമേന്മ കുറഞ്ഞതും വേഗത്തില്‍ ഉപയോഗശൂന്യമാകുന്ന തുമായിരുന്നു നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിതരണം ചെയ്തുവരുന്ന തിരിച്ചറിയല്‍ കാര്‍ഡ് . നിരവധി പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണു പുതുതായി പിവിഎസി എപ്പിക് കാര്‍ഡ് സമ്മതിദായകര്‍ക്കു നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. ഈ കാര്‍ഡില്‍ ബാര്‍കോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പരീക്ഷണാടിസ്ഥാനത്തില്‍ മാഹിയിലും ഗോവയിലും കഴിഞ്ഞ വര്‍ഷം മൂന്നു നിറങ്ങളില്‍ കളര്‍ ഫോട്ടോ പതിപ്പിച്ച കാര്‍ഡ് വിതരണം ചെയ്തിരുന്നു. എന്നാല്‍
പുതിയ രീതിയിലുള്ള കാര്‍ഡ് വ്യാപകമായി നിര്‍മിക്കാന്‍ നിലവില്‍ തെരഞ്ഞെടുപ്പ് ഓഫീസുകളില്‍ സൗകര്യമില്ലാത്തതിനാല്‍ സ്വകാര്യ ഏജന്‍സി നിര്‍മിച്ചു നല്‍കുന്ന കുറച്ചു കാര്‍ഡുകള്‍ മാത്രമേ 25ന് വിതരണം നടത്തൂ. ബാക്കിയുള്ളവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ മാര്‍ച്ച് 15നകം ബിഎല്‍ഒമാര്‍ മുഖാന്തിരം വിതരണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

നിലവിലുള്ള പഴയ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കു ഘട്ടംഘട്ടമായി പുതിയ കാര്‍ഡുകള്‍ മാറ്റി നല്‍കാന്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.