തരൂരിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡെല്‍ഹി പോലീസിന്റെ നോട്ടീസ്

single-img
8 January 2015

30IN_SHASHI_THAROO_1252687f ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കൊലപാതക കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് നോട്ടീസ്. ഡല്‍ഹി പൊലീസ് അയച്ച നോട്ടീസില്‍ എത്രയും വേഗം ഹാജരാകാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. സി. ആര്‍. പി. സി 160 വകുപ്പ് പ്രകാരമായിരിക്കും തരൂരിനെ ചോദ്യം ചെയ്യുകയെന്നും ഡല്‍ഹി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
തരൂരിന്റെ സഹായികളായ നാരായണ്‍ സിങ്, ബജ് റംഗി എന്നിവര്‍ക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം, നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് തരൂരിന്റെ ഓഫിസ് അറിയിച്ചു. മുന്‍മൊഴികള്‍ വിലയിരുത്തിയ ശേഷം തരൂരിനായി 10 ചോദ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം തയാറാക്കിയിട്ടുള്ളതെന്നാണ് സൂചന.
പ്രധാനമായും സുനന്ദ പുഷ്‌കറിന്റെ മൃതദേഹത്തില്‍ കാണപ്പെട്ട 15 മുറിവുകളെ ചൊല്ലിയാകും ചോദ്യമുണ്ടാവുക. മരണത്തിന് മുമ്പുള്ള 72 മണിക്കൂറുകളില്‍ സുനന്ദ പുഷ്‌കറിന്റെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേരോടാകും ഇതിന്റെ വിശദീകരണം തേടുക. സുനന്ദയുമായി അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നുണ്ടായ കലഹം മല്‍പ്പിടുത്തത്തില്‍ കലാശിച്ചിരുന്ന കാര്യം നേരത്തേ ശശിതരൂര്‍ പൊലീസിനോട് സമ്മതിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഈ മുറിവുകള്‍ അത്തരത്തില്‍ ഉണ്ടായതാണോ എന്നുള്ള കാര്യം അന്വേഷിക്കും. ഇക്കാര്യം അവര്‍ക്കൊപ്പം ഉണ്ടായിരുന്ന തരൂരിന്റെ സെക്രട്ടറിമാരായ അഭിനവ്, നാരായണ്‍ എന്നിവരോടും ചോദിക്കും.
സുനന്ദ പുഷ്‌കറെ ഉറങ്ങി കിടക്കുന്ന നിലയില്‍ യാതൊരു പ്രതികരണവുമില്ലാതെ കണ്ടിട്ടും പൊലീസിനെ ഉടനടി വിവരം അറിയിക്കാതിരുന്നതെന്താണ്, ഉടനടി ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകാതിരുന്നതെ ഡോക്ടറെ ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തിയതെന്തിനാണ് എന്നീ ചോദ്യങ്ങളും ഉയരും. എയിംസ് ആശുപത്രി ഡയറക്ടര്‍ക്ക് ശശിതരൂര്‍ അയച്ച ഇമെയിലുകളെ കുറിച്ചും പ്രത്യേക അന്വേഷണ സംഘം ചോദ്യങ്ങളുന്നയിക്കും. മരണ കാരണം ലുപസ് എന്ന രോഗമാകാം എന്നാണ് ശശിതരൂര്‍ ഇ മെയിലില്‍ പറയുന്നത്. എന്നാല്‍ സുനന്ദയ്ക്ക് ലുപസ് രോഗമില്ലായിരുന്നുവെന്നാണ് മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയത്. ഇതു കൂടാതെ സുനന്ദയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരില്‍ നിന്ന് തെളിവെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം കേരളത്തിലേയ്ക്കും പോകുന്നുണ്ട്. ഡല്‍ഹി സൗത്ത് ഡി.സി.പി പ്രേംനാഥിന്റേയും അഡീഷണല്‍ ഡി.സി.പി പി.എസ്.കുശ്‌വാഹയുടെയും നേതൃത്വത്തിലാണ് നാലംഗ പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്.
ഇതിനിടെ, കേസ് അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്ന് തരൂരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാര്‍ അറിയിച്ചു. ഡല്‍ഹി പൊലീസ് പറയുന്നത് സുനന്ദ കൊല്ലപ്പെട്ടതാണെന്ന്. എന്നാല്‍, ലാബ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നില്ലെന്നും മെഹര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ചിലരുമായി തനിക്കുള്ള ബന്ധത്തെ ഐ.എസ്.ഐയുമായി കൂട്ടിച്ചേര്‍ക്കുന്നത് എന്തിനാണ്. സുനന്ദയുടെ ട്വീറ്റിന്റെ അടിസ്ഥാനത്തിലാണ് തന്നെ ഈ സംഭവത്തിന്റെ ഭാഗമാക്കുന്നത്. കേസില്‍ പാകിസ്താന്റെയും തന്റെയും പേരുകള്‍ വീണ്ടും വലിച്ചിഴക്കുകയാണ്. ഐ.എസ്.ഐ ഏജന്റാക്കി തന്നെ ചിത്രീകരിക്കുന്നതില്‍ ദുഃഖമുണ്ടെന്നും ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മെഹര്‍ തരാര്‍ വ്യക്തമാക്കി.
ഗുരുവായൂര്‍ പെരുമ്പായിലെ ആയുര്‍വേദ മനയില്‍ ചികിത്സയില്‍ കഴിയുന്ന ശശി തരൂര്‍ എം.പി ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. തരൂരിന്റെ പ്രസ് സെക്രട്ടറിയും െ്രെപവറ്റ് സെക്രട്ടറിയും ഇന്നലെ വൈകിട്ട് പെരുമ്പായിലെത്തിയിട്ടുണ്ട്. ഡിസംബര്‍ 27ന് ആരംഭിച്ച ആയുര്‍വേദ ചികിത്സ ഇന്ന് പൂര്‍ത്തിയാകും. സുനന്ദയുടെ മരണം കൊലപാതകമാണെന്ന വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് പ്രസ്താവനയിലൂടെ മാത്രമായിരുന്നു തരൂരിന്റെ പ്രതികരണം.