ഒരു മലയാളി ചതിച്ചപ്പോള്‍ കുടുങ്ങിയത് മറ്റൊരു മലയാളി, നിരപരാധിയായ വസന്തന്‍ ദുബായ് ജയിലില്‍ തള്ളിനീക്കുന്നത് നരകജീവിതം

single-img
7 January 2015

unnam56edവസന്തന് ഇപ്പോഴുമറിയില്ല താനീ തടവറ ജീവിതത്തില്‍ നിന്നും എങ്ങനെ മോചിതനാകുമെന്ന്. കാരണം കാസര്‍കോട് സ്വദേസിയായ വസന്തന്റെ പേരില്‍ അത്രയേറെ കേസുകളുണ്ട്. പക്ഷേ ഈ കേസുകള്‍ക്ക് പിന്നിലെ കാരണം അന്വേഷിക്കുമ്പോഴാണ് പലരുടെയും നെഞ്ചുതകരുക. തന്റെ മേല്‍ ചുമത്തപ്പെട്ട ഈ കേസുകളിലെല്ലാം വസന്തന്‍ നിരപരാധിയാണ്. മറ്റൊരു മലയാളി നടത്തിയ ചതിയുടെ തീരാകഥകളും ഈ കേസുകള്‍ക്ക് പിന്നിലുണ്ട്.

 

തന്റെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് മേെറ്റാരാള്‍ നടത്തിയ തട്ടിപ്പിന്റെ പേരിലാണ് വസന്തന്‍ ആദ്യമായി ജയില്‍ വാസം അനുഭവിക്കുന്നത്. സന്ദര്‍ശക വിസയില്‍ എത്തി രാജ്യത്ത് തുടര്‍ന്നതിനാണ് കാസര്‍ക്കോട് കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി വസന്തന്‍ 2012ല്‍ ഷാര്‍ജ പോലീസിന്റെ പിടിയിലാകുന്നത്. മൂന്ന് മാസത്തെ ശിക്ഷ കഴിഞ്ഞ് നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് വണ്ടിച്ചെക്ക് കേസില്‍ ദുബായ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് പല തവണകളിലായി 17 വണ്ടിച്ചെക്ക് കേസുകള്‍ ഇദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

 

വസന്തന്റെ പാസ്‌പോര്‍ട്ട് കോപ്പി ഉപയോഗിച്ച് മുസ്തഫ എന്ന കാസര്‍ക്കോട് സ്വദേശിയാണ് തട്ടിപ്പ് നടത്തിയത്. മുസ്തഫ ദുബായില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങുകയും പലര്‍ക്കും വണ്ടിച്ചെക്കുകള്‍ നല്‍കുകയുമായിരുന്നു. പേരും മറ്റ് വിശദാംശങ്ങളും വസന്തന്റേത് ആയതുകൊണ്ട് തന്നെ ഇദ്ദേഹം പിടിയിലുമായി. വിസ പോലും പതിക്കാത്ത തന്റെ പാസ്‌പോര്‍ട്ട് കാണിച്ച് നിരപരാധിത്വം തെളിയിക്കാന്‍ വസന്തന്‍ ശ്രമിച്ചെങ്കിലും ഒന്നിന് പുറകേ ഒന്നായി കേസുകള്‍ വന്നത് വിനയാകുകയായിരുന്നു. കേസുകളില്‍ ഒട്ടുമിക്കവയും തള്ളിപ്പോയെങ്കിലും ഇനിയും ഈ യുവാവിനെതിരെ വന്‍ തുകയുടെ വണ്ടിച്ചെക്ക് കേസുകള്‍ ഉണ്ട്. മലയാളി സമൂഹത്തിന്റെയും മറ്റും സഹായമുണ്ടെങ്കില്‍ നിയമത്തിന് മുമ്പില്‍ തന്റെ നിരപരാധിത്വം തെളിയിച്ച് ജയിലില്‍ നിന്നും ഇറങ്ങാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വസന്തന്‍.