മതത്തിന് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്നവരാരെങ്കിലുമുണ്ടെങ്കില്‍ കുമ്മണ്ണൂരിലേക്ക് ഒരു പ്രാവശ്യം വരണം; 25 വര്‍ഷമായി ശബരിമലയിലേക്ക് പോകുന്ന അയ്യപ്പന്‍മാര്‍ക്ക് സദ്യനല്‍കി ആതിഥ്യമരുളുന്ന അംഷാ മന്‍സിലില്‍ ഷാജി മുഹമ്മദിനെയും കൂട്ടരേയും കാണാം

single-img
5 January 2015

Ayyappanമതത്തിന് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്നവരാരെങ്കിലുമുണ്ടെങ്കില്‍ കുമ്മണ്ണൂരിലേക്ക് ഒരു പ്രാവശ്യം വരണം. കുമ്മണ്ണൂര്‍ അംഷ മന്‍സിലില്‍ ഷാജി മുഹമ്മദിന്റെ വീട്ടില്‍. 25 വര്‍ഷമായി ശബരിമലയിലല്‍ പോകുന്ന അയ്യപ്പന്‍മാര്‍ക്ക് ആദിത്യമരുളുകയാണ് ഷാജി മുഹമ്മദ്. തമിഴ്‌നാട്ടിലെ കടയനല്ലൂരില്‍ നിന്ന് സ്ഥിരമായി നടന്നെത്തുന്ന അയ്യപ്പ സംഘത്തിന് വിരിവച്ച് വിശ്രമിക്കാനും സദ്യയ്ക്കും സൗകര്യമൊരുക്കുന്നതിലൂടെ മതസൗഹാര്‍ദത്തിന്റെ ഉത്തമ മാതൃകയായി മാറുകയാണ് ഷാജിയുടെ കുടുംബവും ആ നാട്ടുകാരും.

ചിറ്റാര്‍ റേഞ്ചിലെ സിവില്‍ എക്‌സൈസ് ഓഫിസര്‍ കൂടിയായ ഷാജി മുഹമ്മദ് ഒരു തപസ്യയായി തുടങ്ങിയതാണ് ഈ മതസൗഹാര്‍ദ്ദ സംഗമം. കുമ്മണ്ണൂര്‍ മുസ്‌ലിം ജമാഅത്തിന് സമീപം 40 വര്‍ഷത്തോളമായി തങ്ങളുടെ പിതാക്കന്മാര്‍ അടക്കമുള്ളവര്‍ എത്തി വിരിവച്ച് വിശ്രമിച്ച് പോകുന്നതായി അയ്യപ്പ സംഘത്തിലെ ഗുരുസ്വാമിമാരായ പളനിച്ചാമിയും വീരമണിയും പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ്് പാത്തുമുത്തു ബീവിയുടെ കുടുംബമാണ് ഈ തീര്‍ഥാടക സംഗമത്തിന് ആദിത്യം കുറിച്ചത്.

എല്ലാ മണ്ഡലകാലത്തും ഈ അയ്യപ്പ സംഘം ഷാജി മുഹമ്മദിനെ വരുന്ന ദിവസം മുന്‍കൂട്ടി അറിയിക്കും. സംഘം എത്തുന്ന ദിവസം സമീപവാസികള്‍ക്കൊപ്പം വീടും പരിസരവും വൃത്തിയാക്കി അദ്ദേഹം അവധിയെടുത്ത് കാത്തിരിക്കും. അന്ന് സമീപവാസികളുടെ ഉച്ചഭക്ഷണം സ്വാമിമാര്‍ക്കൊപ്പമാണ്. എത്താന്‍ കഴിയാത്തവര്‍ക്ക് ഷാജി വീടുകളില്‍ അന്ന് ഭക്ഷണം എത്തിക്കും.

കഴിഞ്ഞ ദിവസം ചെങ്കോട്ടയില്‍ നിന്ന് അച്ചന്‍കോവില്‍, കല്ലേലി വഴി കാനനപാതയിലൂടെ നടന്ന് 60 പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്. ഷാജി മുഹമ്മദിന്റെ വീടിന്റെ സിറ്റൗട്ടിലാണ് രാവിലെ ഒന്‍പതോടെ എത്തിയ സംഘം ഇരുമുടിക്കെട്ട് ഇറക്കിവച്ച് പ്രാര്‍ഥിച്ചത് . തുടര്‍ന്ന് വിശ്രമം കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ടരയോടെ പായസമടക്കം സദ്യ തയ്യാറായി. സദ്യയ്ക്ക് മുമ്പ്് സംഘത്തിന്റെ ഭജനയുമുണ്ടായിരുന്നു.

മൂന്നരയോടെ കച്ചേരി അവസാനിപ്പിച്ച് കര്‍പ്പൂരദീപം തെളിച്ച് ശരണം വിളിച്ചശേഷം സദ്യയുണ്ടാണ് ഇവര്‍ മടങ്ങിയത്. ജാതിമത ഭേദമില്ലാതെ സമീപവാസികള്‍ സര്‍വ്വരും ഈ സദ്യയില്‍ അയ്യപ്പന്‍മാര്‍ക്കൊപ്പം പങ്കുകൊണ്ടു.