ശബരിമല ബസ് സ്‌പെഷ്യല്‍ സര്‍വ്വീസ് അല്ലെന്നും എല്ലാ യാത്രക്കാര്‍ക്കും കയറാമെന്നുമുള്ള കെ.എസ്.ആര്‍.ടി.സി മിനിട്‌സ് പുറത്തായി; ശബരിമല ബസ് എല്ലാ സ്‌റ്റോപ്പിലും നിര്‍ത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും കണ്ടക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നും തീരുമാനം

single-img
22 December 2014

Ayyappaപമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ അയ്യപ്പന്മാര്‍ക്ക് മാത്രമാണെന്ന പ്രചാരണം തെറ്റാണെന്നും അയ്യപ്പഭക്തന്മാര്‍ സഞ്ചരിക്കുന്ന ബസ്സുകളില്‍ മറ്റ് യാത്രക്കാര്‍ക്ക് യാത്ര ചെയ്യാനാവില്ലെന്നത് നുണയാണെന്നും വ്യക്തമാക്കിക്കൊണ്ട് കെ.എസ്ആര്‍.ടി.സിയുടെ മിനിട്‌സ് പുറത്ത്. എറണാകുളത്ത് മാധ്യമപ്രവര്‍ത്തകയെ കണ്ടക്ടറും ചെങ്ങന്നൂരില്‍ വിദ്യാര്‍ത്ഥിനികളെ അയ്യപ്പസേവാസംഘവും ഇറക്കിവിട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പ്രചാരണം നടന്നത്. എന്നാല്‍ പൊതുജനങ്ങള്‍ക്കോ സ്ത്രീകള്‍ക്കോ പമ്പയിലേക്കുള്ള ബസ്സുകളില്‍ യാതൊരുവിധ തൊട്ടുകൂടായ്മ ഇല്ലെന്ന് സര്‍ക്കാര്‍ രേഖ തന്നെ പറയുന്നു.

ഒക്ടോബര്‍ 10ന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്റെയും മാനേജിങ് ഡയറക്ടറുടെയും സാന്നിധ്യത്തില്‍ ഈ വര്‍ഷത്തെ ശബരിമല മണ്ഡലപൂജമകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസ് നടത്തിപ്പിന്റെ മുന്നൊരുക്കങ്ങളെ കുറിച്ച് ചേര്‍ന്ന യോഗത്തിന്റെ മിനുട്ട്‌സിലാണ് ഈ കാര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്. എല്ലാ സ്‌റ്റോപ്പുകളിലും ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റുവാനും ഇറക്കുവാനും കണ്ടക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നും സ്‌പെഷ്യല്‍ സര്‍വ്വീസ് എന്ന ബോര്‍ഡ് ബസ്സുകളില്‍ പ്രദര്‍ശിപ്പിക്കരുതെന്നും മിനുട്ട്‌സില്‍ പ്രത്യേകം പറയുന്നുണ്ട്.

മിനിട്‌സില്‍ നിന്ന്

പ്രത്യേക സര്‍വീസുകള്‍ക്ക് നിരക്കില്‍ വ്യത്യാസമില്ലെങ്കിലും ഫെയര്‍ സ്‌റ്റേജുകള്‍ കുറവായതിനാല്‍ അയ്യപ്പ ഭക്തന്മാര്‍ അല്ലാത്ത മറ്റു യാത്രക്കാര്‍ ടി സര്‍വീസുകളില്‍ യാത്ര ചെയ്യാന്‍ വിസമ്മതം പ്രകടിപ്പിക്കാറുണ്ട്. ഇത് കെ എസ് ആര്‍ ടി സി യുടെ വരുമാനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ആയതിനാല്‍ ഈ ശബരിമല മഹോത്സവ സീസണ്‍ മുതല്‍ സാധാരണ സര്‍വീസുകള്‍ക്കുള്ള ഫെയര്‍ സ്‌റ്റെജ് പ്രത്യേക സര്‍വീസുകള്‍ക്കും ഉപയോഗിക്കാന്‍ തീരുമാനിച്ചു. സ്‌പെഷ്യല്‍ സര്‍വീസ് എന്ന രീതിയില്‍ ഉള്ള ബോര്‍ഡുകള്‍ ശബരിമല സര്‍വീസുകളില്‍ പ്രദര്‍ശിപ്പിക്കുവാന്‍ പാടില്ല. നിയമാനുസൃതമായ എല്ലാ സ്‌റ്റോപ്പുകളിലും നിര്‍ത്തി യാത്രക്കാരെ കയറ്റുവാനും ഇറക്കുവാനും കണ്ടക്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം.