കുവൈറ്റിൽ അറസ്റ്റിലായ ഇന്ത്യക്കാരുടെ മോചനത്തിന് സര്‍ക്കാര്‍ ഇടപെടണം; ഇന്ത്യന്‍ തൊഴിലാളികള്‍ പ്രതിഷേധത്തിൽ

single-img
29 August 2014

Kuwait-Indian-workersകുവൈറ്റ്: കുവൈറ്റിൽ കൊലപാതക കുറ്റത്തില്‍ അറസ്റ്റിലായ ഇന്ത്യക്കാരുടെ മോചനത്തിന് സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ ഇന്ത്യന്‍ എംബസിക്കു മുന്നില്‍ പ്രതിഷേധിച്ചു.

ഈജിപ്ഷ്യന്‍ തൊഴിലാളികളും ഇന്ത്യന്‍ തൊഴിലാളികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനെ തുടർന്ന് രണ്ടു ഈജിപ്റ്റ്കാർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഈ കേസില്‍ 25 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തിരുന്നു.  സംഘര്‍ഷത്തിനിടെ നടന്ന കല്ലേറിലാണ് ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. പോലീസ് പിടിയിലായ തൊഴിലാളികളില്‍ ഭൂരിപക്ഷം പേരും പഞ്ചാബില്‍ നിന്നുള്ളവരാണ്. കുവൈറ്റ് പോലീസ് പക്ഷപാതപരമായി പെരുമാറുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

അറസ്റ്റിലായവര്‍ക്ക് ഭക്ഷണം നല്‍കുകയോ അഭിഭാഷകനെ അനുവദിക്കുകയോ ചെയ്യുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.  സംഭവത്തില്‍ ഈജിപ്തുകാര്‍ പറയുന്നതിനനുസരിച്ചാണ് പോലീസ് പെരുമാറുന്നത്. തങ്ങളുടെ ഭാഗം കേള്‍ക്കാന്‍പോലും തയാറാകുന്നില്ല. അറബി ഭാഷ വശമില്ലാത്തത് തങ്ങൾക്ക് തിരിച്ചടി ആകുന്നുണ്ടെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഇതിനാല്‍ കേന്ദ്രസര്‍ക്കാരും പഞ്ചാബ് സര്‍ക്കാരും പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

കേന്ദ്ര സര്‍ക്കാര്‍ സംഭവം ഗൗരവത്തോടെയാണ് കണുന്നതെന്നും കുവൈറ്റിലെ നിയമങ്ങള്‍ക്കനുസരണമായി പ്രശ്‌നത്തില്‍ ഇടപെടാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞതായും ഇന്ത്യന്‍ വിദേശകാര്യ വക്താവ് അറിയിച്ചു.